കോഴിക്കോട്ടെ അതിഥി തൊഴിലാളികൾക്ക് ബംഗാളില്‍ നിന്നും കഞ്ചാവ്; യുവാവിനെ തൊണ്ടി സഹിതം പൊക്കി

കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി ബേപ്പൂരിൽ അറസ്റ്റിലായി. ബംഗാൾ സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്. ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്തു വരുകയായിരുന്നു ഇയാളെന്ന് ബേപ്പൂർ പൊലീസ് പറഞ്ഞു. 200 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
ബേപ്പൂരിലെയും പരിസരങ്ങളിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ച് അതിഥി മത്സ്യത്തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുമൽദാസ് കഞ്ചാവ് വിൽക്കുന്നതായി എസ്ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പിന്നീട് ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വില്‍പ്പനയ്ക്കെത്തിയ പ്രതിയെ ബേപ്പൂർ ഹാർബർ റോഡ് ജംക്ഷനിൽ നിന്നാണ് വലയിലാക്കിയത്.
അതിനിടെ ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂര്‍ കല്‍പകഞ്ചേരിയില്‍ പിടിയിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍ (28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെപുരയ്ക്കല്‍ സഹല്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
കല്‍പകഞ്ചേരി എസ്.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ജില്ലയിലെ ചിലര്‍ കഞ്ചാവ് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.