ചങ്ങരംകുളം: ബിവ്റേജസിൽ നിന്ന് മദ്യം നൽകാത്തതിനെ തുടർന്ന് ജീവനക്കാരെ മർദ്ദിക്കാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ. എടപ്പാൾ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാർഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്റേജസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

മദ്യം വാങ്ങാനെത്തിയ രണ്ടുപേർ വിദ്യാർഥികളാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാർ ഇവരെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് തങ്ങൾ‌ക്ക് മദ്യം നൽകാതെ തിരിച്ചയച്ച ജീവനക്കാരെ മർദ്ദിക്കാൻ വിദ്യാർഥികൾ പദ്ധതിയിടുകയായിരുന്നു. ഇതുപ്രകാരം ജീവനക്കാർ ബിവ്റേജസിൽ നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാർഥികൾ വഴിയരികിൽ കാത്തുനിന്നു. ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാർഥികൾ തടഞ്ഞുവച്ചു. തുടർന്ന് ഇരുവിഭാ​ഗങ്ങളും തമ്മിൽ തർക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തിയോടെ നാട്ടുകാർ ഇടപെടുകയും ചെയ്തു.

ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെത്തിച്ച വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കീത് നൽകി വിട്ടയച്ചു.