Asianet News MalayalamAsianet News Malayalam

ബെവ്കോ ഔട്ട്‍ലെറ്റ് പ്രവർത്തിച്ചത് ഒരു മണിക്കൂർ മാത്രം, സംഘടിച്ചെത്തി പൂട്ടി സിപിഎം പ്രവര്‍ത്തകർ, കാരണം..

ഒരു ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്ന ശേഷമായിരുന്നു പ്രതിഷേധം

Beverages Outlet at Chelimada in Kumily Closed By CPIM SSM
Author
First Published Oct 15, 2023, 1:00 PM IST

ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയ ബെവ്കോ ഔട്ട്‍ലെറ്റ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു. കുമളി അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്‍ലെറ്റ് ഇന്നലെ രാവിലെയാണ് ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. ഒരു ലക്ഷത്തോളം രൂപയുടെ കച്ചവടവും നടന്നു.  

ചെളിമടയില്‍ ബിവറേജ് ഔട്ട്‍ലെറ്റ് പ്രവർത്തിച്ചത് ഒരു മണിക്കൂർ മാത്രമാണ്. അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‍ലെറ്റുമായി രണ്ടര വർഷത്തെ കരാർ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്‍ലെറ്റ് ബലമായി അടപ്പിച്ചത്. സിപിഎം നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തിൽ നിന്ന് ഔട്ട്‍ലെറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സിപിഎം പ്രവർത്തകർ കാണിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട് .

അട്ടപ്പള്ളത്തെ ബിവറേജ് ഔട്ട്‍ലെറ്റിലെ പ്രവർത്തനം കോർപ്പറേഷൻ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്ട്‍ലെറ്റ് പ്രവർത്തനം ആരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്‍ലെറ്റിലെത്തി എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു. ഇതോടെ സിപിഎം പ്രവർത്തകർ സംഘടിച്ച് ചെളിമടയില്‍ എത്തുകയും ഔട്ട്‍ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്‍ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾ ബലമായി ഔട്ട്‍ലെറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്‍ലെറ്റിന്‍റെ ലൈസൻസ് മാറ്റിയതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് മാറ്റുക എളുപ്പമല്ല. ചെളിമടയിലെ ഔട്ട്‍ലെറ്റില്‍ നിന്ന് കൂടുതൽ വരുമാനം ലഭിക്കുമെന്നും വിനോദ സഞ്ചാരികള്‍ അടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്ത നിന്ന് ഔട്ട്‍ലെറ്റ് മാറ്റിയതിതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്ത് കുമളിയിലെ ബിവറേജ് ഔട്ട്‍ലെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios