ഒരിടവേളയ്ക്ക് ശേഷം ഇടുക്കി ഹൈറേഞ്ചിൽ വീണ്ടും ചാരായ വേട്ട. എക്സൈസ് സംഘം മാങ്കുളത്ത് നടത്തിയ പരിശോധനയിൽ 270 ലിറ്റർ കോട പിടിച്ചെടുത്തു
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഇടുക്കി ഹൈറേഞ്ചിൽ വീണ്ടും ചാരായ വേട്ട. എക്സൈസ് സംഘം മാങ്കുളത്ത് നടത്തിയ പരിശോധനയിൽ 270 ലിറ്റർ കോട പിടിച്ചെടുത്തു. മൂന്ന് പേർക്ക് എതിരെ കേസെടുത്തു. ഓണക്കാലം മുൻനിർത്തിയാണ് വ്യാജവാറ്റ് വീണ്ടും സജീവമാകുന്നത്.
മാങ്കുളം ആറാംമൈൽ ചിക്കണം കുടിയിലെ അടച്ചിട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ച പഴക്കമുള്ള കോട മൂന്ന് ബാരലുകളിലായാണ് സൂക്ഷിച്ചിരുന്നത്. എക്സൈസ് എത്തുന്ന വിവരം അറിഞ്ഞ് പ്രതികൾ ഓടിരക്ഷപ്പെട്ടു.
കോട നിർമിച്ച് സൂക്ഷിച്ച വീടിന്‍റെ ഉടമസ്ഥനും സഹായികളുമായ ലക്ഷ്മൺ, അഴകൻ, ഇഖ്ബാൽ യൂസഫ് എന്നിവർക്ക് എതിരെ എക്സൈസ് കേസെടുത്തു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മാങ്കുളം ആറാം മൈൽ ഭാഗത്ത് നിന്ന് മാത്രം 900 ലിറ്റർ കോടയും 20 ലിറ്റർ ചാരായവും കണ്ടെത്തി നശിപ്പിച്ചിരുന്നു.
എട്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം ചാരായ നിർമാണം കുറഞ്ഞിരുന്നു. എന്നാൽ ഓണക്കാലം മുൻനിർത്തി വ്യാജ വാറ്റ് സംഘങ്ങൾ വീണ്ടും സജീവമാകുന്നെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജവാറ്റ് സംഘങ്ങളെ കണ്ടെത്താൻ എക്സൈസ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
