തിരുവനന്തപുരം: അഗസ്ത്യവനത്തിൽ നിന്നും ബിഹാര്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബീഹാരിലെ ധരന്തൂർ സ്വദേശിയായ രഘുവിനെയാണ് ആദിവാസി മേഖലയിൽ നിന്നും രാത്രി രണ്ടു മണിയോടെ പിടികൂടിയത്. പ്രളയത്തിൽപ്പെട്ടു വീട്ടുകാരെ നഷ്ടപ്പെട്ടെന്നും ജോലി തേടി പലയിടത്തായി അലഞ്ഞ് ഒടുവില്‍ കാട്ടിനുള്ളിൽ എത്തിപ്പെട്ടതാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

ആദിവാസി വീടിനടുത്ത് ഇയാളെ കണ്ട വീട്ടമ്മയാണ് ആളുകളെ വിളിച്ചു ചേര്‍ത്തത്. ഇയാൾ പറയുന്നത് മനസിലാകാതെ വന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥസംഘം ഇയാളോട് കാര്യങ്ങൾ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസിന് കൈമാറുകയായിരുന്നു. 

പ്രളയത്തിൽപ്പെട്ട് വീട്ടുകാരെ നഷ്ടപ്പെട്ടെന്നും പലയിടത്തായി അലഞ്ഞു കാട്ടിനുള്ളിൽപ്പെട്ടതാണെന്നും തിരുവന്തപുരത്തു വന്നിരുന്നതായും ഇയാൾ പൊലീസിനോട് വ്യക്തമാക്കി. പരിശോധനയില്‍ ഒരു കാർഡും, വസ്ത്രവും അല്ലാതെ മറ്റൊന്നും ഇയാളിൽ നിന്നും ലഭിച്ചിട്ടില്ല. പരസ്പര വിരുദ്ധമായി കാര്യങ്ങൾ സംസാരിക്കുന്നതിനാല്‍ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.