ബിഹാറില്‍ നിന്ന് പത്ത് വര്‍ഷം മുമ്പ് കച്ചവടത്തിന് കേരളത്തിലെത്തിയ ഇവര്‍ ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഇതിലൂടെ മലയാളവും മനസില്‍ കുടിയേറി.
കായംകുളം: ബിഹാറികളായ മൂന്ന് കുട്ടികള്‍ ഇനി മലയാളത്തില്‍ പഠിക്കും. എം.എസ്.എം.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസിലാണ് ബിഹാര്‍ സീതാമലെ സ്വദേശികളായ മുഹമ്മദ് ഷെഫീഖിന്റ മകള്‍ അസമിന്‍ ഖാത്തൂന്‍, മുഹമ്മദ് അലിമാമിന്റെ മകള്‍ സബീന ഫര്‍വിന്‍, മുഹമദ് അന്‍സറിന്റെ മകന്‍ മുഹമ്മദ് രാജ എന്നിവര്‍ പ്രവേശനം നേടിയത്.
ബിഹാറില്‍ നിന്ന് പത്ത് വര്‍ഷം മുമ്പ് കച്ചവടത്തിന് കേരളത്തിലെത്തിയ ഇവര്‍ ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഇതിലൂടെ മലയാളവും മനസില്‍ കുടിയേറി. പറഞ്ഞാല്‍ മനസിലാകുമെങ്കിലും എഴുതാന്‍ അറിയാത്തതില്‍ വിഷമമുണ്ട്. മലയാളം മനസിലാക്കി വളരുന്ന മക്കളിലൂടെ ഇതിന് പരിഹാരം കാണാമെന്നാണ് പ്രതീക്ഷ. അന്നം തരുന്ന നാട്ടിലെ ഭാഷ മക്കള്‍ പഠിക്കുന്നതിലെ സന്തോഷവും ഈ ബിഹാര്‍ സ്വദേശികള്‍ പങ്കു വെക്കുന്നു. പ്രവേശനോത്സവത്തില്‍ മൂന്ന് കുട്ടികളെയും മലയാള പുസ്തകവും പൂക്കളും നല്‍കിയാണ് സ്വീകരിച്ചത്. ഇവരെ കൂടാതെ നാല് വരെ ക്ലാസുകളില്‍ 10 ഓളം ബിഹാര്‍ കുട്ടികളും പഠിക്കുന്നുണ്ട്.
പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ ഷീജ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ഇല്ലിക്കുളം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശാരിദാസ്, സുധീര്‍ ഫര്‍സാന, ആര്‍. മുഹമ്മദ് റഫീക്ക് എന്നിവര്‍ സംസാരിച്ചു.

