അമ്പലപ്പുഴ: നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്. 

ഡ്രൈവറായ ഇദ്ദേഹം ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാക്കാഴം പോസ്റ്റ് ഓഫീസിനു വടക്കു ഭാഗത്തു വെച്ച് നായ വട്ടം ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് സമീപത്തെ മതിലിലിടിച്ചു.

തലയ്ക്കും മറ്റ് ഭാഗത്തുമായി പത്തിലധികം സ്റ്റിച്ചുകളുണ്ട്. പ്രദേശത്ത് ധാരാളമായി ഇറച്ചി മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഇവിടെ തെരുവുനായ ശല്യം വ്യാപകമാണെന്ന് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.