അമ്പലപ്പുഴ: ബൈക്കുകള്‍ കൂടിയിടിച്ച്  സ്വകാര്യ ലാബ് ഉടമ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറവൂര്‍ കാട്ടുങ്കല്‍ വീട്ടില്‍  പരേതനായ കൃഷ്ണനുണ്ണി - രേവമ്മ ദമ്പതികളുടെ  മകന്‍ ജിജി മോന്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെ ദേശീയ പാതയില്‍ പുന്നപ്ര പറവൂര്‍ ഭാഗത്ത് വെച്ചായിരുന്നു അപകടം. 

ആലപ്പുഴ ഭാഗത്ത് സ്വകാര്യ ലാബ് നടത്തുന്ന ഇദ്ദേഹം ആലപ്പുഴയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജിജി മോന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനും തലക്കും ഇയാള്‍ക്ക് ക്ഷതമേറ്റിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ജിജി മോനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.