ഹരിപ്പാട്: അച്ഛനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി  റോഡിൽ വീണ് മരിച്ചു. ചേർത്തല നഗരസഭ 14-ാം വാർഡിൽ കാർത്തികയിൽ മിലട്ടറി ഉദ്യോഗസ്ഥൻ എസ് മനുവിന്‍റെ ഭാര്യയും ഹരിപ്പാട് തുലാം പറമ്പ് തെക്ക് കുമാർ ഭവനത്തിൽ നന്ദകുമാറിന്‍റെ മകളുമായ സ്വപ്ന (29) ആണ് മരിച്ചത്.

ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന്  രാവിലെ 6.15നായിരുന്നു അപകടം.  പരുമല സ്വകാര്യ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം നേഴ്സാണ് സ്വപ്ന. രാവിലെ ജോലി സ്ഥലത്ത് പോകാൻ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് ബസ് സ്റ്റാന്റിലേക്ക് പോകുകയായിരുന്നു.

മാധവ ജംഗ്ഷനിൽ വെച്ച് ബൈക്കിൽനിന്നും വഴുതി റോഡിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.