കടുവക്ക് മുമ്പിലകപ്പെട്ടവര്‍ രണ്ട് തവണ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആനകളുടെ ശല്യം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും കടുവകളാണ് ഇപ്പോള്‍ പേടിസ്വപ്നം. 

കല്‍പ്പറ്റ: പെരിക്കല്ലൂര്‍ മുതല്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാതയാണ് പുല്‍പ്പള്ളി ബത്തേരി. കാനന ഭംഗി ആസ്വാദിച്ച് നിരവധി പേര്‍ ഇതുവഴി ഇരുചക്രവാഹനങ്ങളില്‍ ദിവസേന യാത്ര ചെയ്യുന്നു. എന്നാല്‍ ഈ റൂട്ടിലെ ഇരുചക്രവാഹന യാത്രകള്‍ അത്ര സുരക്ഷിതമല്ലാതാകുകയാണ്. രണ്ട് വര്‍ഷത്തിനിടക്ക് നിരവധി തവണയാണ് ഈ റൂട്ടില്‍ കടുവകളെ കണ്ടത്. 

കടുവക്ക് മുമ്പിലകപ്പെട്ടവര്‍ രണ്ട് തവണ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആനകളുടെ ശല്യം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും കടുവകളാണ് ഇപ്പോള്‍ പേടിസ്വപ്നം. വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകള്‍ വര്‍ധിച്ചതാണ് റോഡിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇവയെത്താന്‍ കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. ബത്തേരിയില്‍ നിന്ന് പോകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മുതല്‍ ഒരു ഭാഗം കാടാണ്. ഡിപ്പോയില്‍ പുലര്‍ച്ചെയെത്തുന്ന ജീവനക്കാരില്‍ പലരും കടവയെ കണ്ടിട്ടുണ്ടായിരുന്നു. 

ഡിപ്പോ കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റ് മുതല്‍ ആറാംമൈല്‍ വരെ ഇരുവശവും കാടാണ്. ആനകളുടെയും അപൂര്‍വ്വമായി കടുവയുടെയും സാന്നിധ്യം മേഖലയിലുണ്ട്. ആറാംമൈല്‍ പിന്നിട്ട് ചെതലയമെത്തിയാലും ഇരുവശവും കാടുണ്ട്. ഇവിടെ പൊകലമാളം കഴിഞ്ഞുള്ള പാമ്പ്രയിലാണ് നിരന്തരമായി കടുവകളുടെ സാന്നിധ്യമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബത്തേരിയില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങുന്ന ബാങ്ക് ജീവനക്കാരി കടുവക്ക് മുമ്പിലകപ്പെട്ടത് ഇവിടെ വെച്ചാണ്. ബാങ്ക് ജീവനക്കാരി തലനാരിഴക്കാണ് കടുവക്ക് മുമ്പില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ സ്‌കൂട്ടറിന് പിന്നാലെ എത്തിയ ട്രാവലര്‍ ഡ്രൈവര്‍ അവസരോചിതമായി സ്‌കൂട്ടറിനും കടുവക്കും നടുവിലായി ട്രാവലര്‍ കൊണ്ടുവന്ന് നിര്‍ത്തുകയായിരുന്നു. പൊതുവെ വിജനമായ വഴിയാണെങ്കിലും രാവിലെയും വൈകുന്നേരങ്ങളിലും വാഹനത്തിരക്കുള്ളതാണ് യുവതിക്ക് രക്ഷയായത്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബൈക്കിനെ കടുവ പിന്തുടര്‍ന്നതും ഈ ഭാഗത്തുള്ള വട്ടപ്പാടിയില്‍ വെച്ചാണ്. ബൈക്കിന് പിന്നാലെ മുരള്‍ച്ചയോടെ ഓടുന്ന കടുവയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ കടുവ ഓടിയെങ്കിലും മനസാന്നിധ്യം വിടാതെ ബൈക്ക് വേഗത്തിലോടിച്ചാണ് വനംവകുപ്പ് ജീവനക്കാര്‍ അന്ന് രക്ഷപ്പെട്ടത്. 

ഒരു ഭാഗത്ത് കാപ്പി എസ്റ്റേറ്റും മറുഭാഗത്ത് കാടുമാണ് പാമ്പ്രയിലുള്ളത്. കാട്ടുപോത്തും ആനയുമൊക്കെ ഇവിടെ സ്ഥിരമാണെങ്കിലും 2019 മുതലാണ് കടുവയുടെ സാന്നിധ്യം സ്ഥിരമായത്. റോഡരികിലും റോഡിന് നടുവിലുമെല്ലാം കടുവയെ പലപ്പോഴും യാത്രക്കാര്‍ കണ്ടിട്ടുണ്ട്. വളരെ അപൂര്‍വമായി രാത്രി മാത്രമായിരുന്നു മുമ്പ് വഴിയില്‍ കടുവയെ കണ്ടിരുരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അടുത്ത കാലത്തായി പകലും വഴിയരികില്‍ കടുവയെ പേടിക്കണം. 

ഇതേ റൂട്ടില്‍ വനത്തിനുള്ളിലായി ഒരിക്കല്‍ വനംവാച്ചര്‍മാരെ കടുവ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതാണ് ജനവാസമേഖലകളിലേക്ക് പോലും ഇവയെത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ മതിയായ നിയന്ത്രണ നടപടികളൊരുക്കാന്‍ വനവകുപ്പിനും കഴിയുന്നില്ല. വനപ്രദേശങ്ങളിലും വന്യജീവി സാന്നിധ്യമുള്ള മേഖലകളിലും ജാഗ്രത മാത്രമാണ് പോംവഴി. 

ചെതലയം ഫോറസ്റ്റ് റേയ്ഞ്ചിലൂടെയും വയനാട് വന്യജീവി സങ്കേതത്തിലൂടെയുമാണ് ബത്തേരി പുല്‍പള്ളി പാത കടന്നുപോകുന്നത്. ആനകളുണ്ടെങ്കിലും ജാഗ്രതയോടെ പോയാല്‍ യാത്ര സുരക്ഷിതമായിരുന്നു. എന്നാല്‍ കടുവയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. കടുവഭീതിയേറിയതോടെ വനം വകുപ്പിന്റെ സ്ഥിരം പട്രോളിങ്ങ് ഈ പാതയില്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കുടവയെ തുരത്തല്‍ ജീവന്‍ പണയം വെച്ച്

മനുഷ്യരുടെ ഇടയിലേക്ക് നിരന്തരം കടുവ എത്തുന്ന മേഖലയാണ് പുല്‍പ്പള്ളി. ഇവിടെ കര്‍ണാടക അതിര്‍ത്തിയായ വണ്ടിക്കടവ്, പെരിക്കല്ലൂര്‍, മരക്കടവ്, മണലമ്പം, കദവാക്കുന്ന്, നെയ്ക്കുപ്പ, നടവയല്‍, കല്ലുവയല്‍, പള്ളിച്ചിറ എന്നിവിടങ്ങളിലെല്ലാം കടുവ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പള്ളിച്ചിറയില്‍ കടുവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ റെയ്ഞ്ചറെയും വനംവകുപ്പ് ഡ്രൈവറെയും കടുവ ആക്രമിച്ചിരുന്നു. ഉയര്‍ന്നുചാടി റെയ്ഞ്ചറുടെ തലക്ക് മുന്‍കാലുകൊണ്ട് അടിക്കുയായിരുന്നു കടുവയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഹെല്‍മെറ്റ് ഉള്ളതുകൊണ്ട് മാത്രമാണ് പരിക്കുകളോടെ ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായത്. ഹെല്‍മെറ്റ് അടിയുടെ ശക്തിയില്‍ തകര്‍ന്നുപോയിരുന്നു. നിലത്തുവീണ റെയ്ഞ്ചറെ കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കൈയ്യില്‍ കിട്ടിയതെല്ലാം കടുവയുടെ നേരെ വലിച്ചെറിഞ്ഞ് ബഹളം വെച്ചപ്പോള്‍ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെടുകായായിരുന്നുവെത്രേ. സുരക്ഷിതവും കാടിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയുന്നതുമായ വാഹനം വനംവകുപ്പിന് അത്യാവശ്യമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പടച്ചട്ടയും ഹെല്‍മെറ്റും കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ മതിയായ ഉപകരണമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ജീവന്‍പണയം വെച്ചാണ് വാച്ചര്‍മാര്‍ അടക്കമുള്ളവര്‍ ജോലി ചെയ്യുന്നത്.

യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന പാത

വന്യജീവി ഭീതിയൊഴിച്ചാല്‍ പുല്‍പ്പള്ളി ബത്തേരി പാതയിലെ യാത്ര സുഖമുള്ളതാണ്. വേനലാണെങ്കില്‍ വെയിലിന്റെ കാഠിന്യമറിയാതെ കിലോമീറ്ററുകളോളം ബൈക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും. കാടിന്റെ കുളിരില്‍ മതിമറക്കുന്നതൊടൊപ്പം കല്‍പ്പറ്റയിലേക്ക് പോലും ഏവരും ഈ വഴിയാണ് ആശ്രയിക്കുന്നത്. മണല്‍വയല്‍, കേണിച്ചിറ, ബീനാച്ചി വഴി കല്‍പ്പറ്റയിലേക്ക് എത്താനാകുമെങ്കിലും പരുക്കന്‍ പാതകളും ദൂരക്കൂടുതലും തിരിച്ചടിയാണ്. രോഗികള്‍ മിക്കവരും ആശ്രയിക്കുന്ന പാതയാണ് ബത്തേരി പുല്‍പ്പള്ളി.