മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ രാത്രി പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നിൽപ്പെട്ടു; വണ്ടി ഓഫായതോടെ കുടുങ്ങി
ബൈക്കിന്റെ വയറുകൾ മുറിച്ചാണ് കൊണ്ടുപോയത്. പൊലീസിനെ കണ്ട വഴിയിൽ വെച്ച് ബൈക്ക് ഓഫായത് പിടിവീഴാൻ കാരണമായി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് മോഷ്ടിച്ച രണ്ടംഗ സംഘം രാത്രികാല പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. പൂവച്ചലിൽ കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ വയറുകൾ കട്ട് ചെയ്ത ശേഷം രണട് പേരും ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇതിനിടെയാണ് പാതിവഴിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. പെരിങ്കടവിള, മാരായമുട്ടം, ചുള്ളിയൂർ, തെങ്ങുവിളകുഴി വീട്ടിൽ നിന്നും പെരുംപഴുതൂർ, കടവംകോട്, കോളനിയിൽ താമസിക്കുന്ന സുജിത് (36), പെരിങ്കടവിള, മാരായ മുട്ടം, ചുള്ളിയൂർ, തെങ്ങുവിളകുഴിയിൽ രവി (57) എന്നിവരാണ് പിടിയിലായത്.
സുജിത് നേരത്തെ കാപ്പ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ കാട്ടാക്കട പോലീസിന്റെ രാത്രികാല പരിശോധനക്കിടെ ബൈക്കുമായി ഇരുവരെയും റോഡിൽ കണ്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണം സംബന്ധിച്ച സൂചനകൾ കിട്ടിയത്. ഉടൻ തന്നെ രണ്ട് പേരെയും പോലീസ് കസ്റ്റഡിടിയിലെടുത്തു. ബൈക്ക് വഴിയിൽ വച്ച് സ്റ്റാർട്ടാകതെ വന്നതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതും പിന്നാലെ പിടിയിലായതുമെന്ന് എന്ന് പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം