വടക്കഞ്ചേരിയിൽ വീടുകളിൽ നിന്ന് വിലകൂടിയ ബ്രാൻഡഡ് പാദരക്ഷകൾ മാത്രം തിരഞ്ഞെടുത്ത് മോഷ്ടിക്കുന്ന കള്ളനുവേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് വീടുകളിൽ നിന്നായി പതിനായിരം രൂപയോളം വിലവരുന്ന ഷൂസുകളും ചെരുപ്പുകളും മോഷണം പോയി.

ടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലകൂടിയ പാദരക്ഷകൾ മാത്രം കവർച്ച ചെയ്യുന്ന മോഷ്ടാക്കൾക്കായി തിരച്ചിൽ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. വീടുകളുടെ മതിൽ ചാടി അകത്തുകടന്നാണ് മോഷ്ടാക്കൾ പണി പറ്റിക്കുന്നത്. സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പരിസരത്തുനിന്നും പൊലീസിന് ലഭ്യമായിട്ടുണ്ട്. മാണിക്യപ്പാടം സ്വദേശിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിൽ നിന്നുമാണ് ആദ്യം മോഷണം പോയത്. ഇബ്രാഹിം ഖലീലിന്റെ ഒരു ജോഡി ഷൂസും ഒരു ജോഡി ചെരുപ്പുമാണ് മോഷ്ടാക്കൾ കവർന്നത്. നഷ്ടപ്പെട്ട ഈ രണ്ട് പാദരക്ഷകൾക്കും കൂടി വിപണിയിൽ പതിനായിരം രൂപയോളം വിലവരുമെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. ഇതിന് തൊട്ടടുത്തുള്ള ബഷീറിന്റെ വീട്ടിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. ബഷീറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി വിലകൂടിയ ഇനം ചെരുപ്പാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഷണം നടന്ന ഈ രണ്ട് വീടുകളുടെയും മുൻപിൽ സാധാരണ രീതിയിലുള്ള മറ്റ് നിരവധി ചെരുപ്പുകളും പാദരക്ഷകളും ഉണ്ടായിരുന്നെങ്കിലും അവയൊന്നും തൊടാതെ വിലകൂടിയ ബ്രാൻഡഡ് ഇനങ്ങൾ മാത്രമാണ് മോഷ്ടാക്കൾ തിരഞ്ഞുപിടിച്ച് കൊണ്ടുപോയത്. വിലകൂടിയ പാദരക്ഷകൾ മാത്രം ലക്ഷ്യം വച്ചാണ് മോഷ്ടാക്കൾ എത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരിയിൽ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.