ഗുരുവായൂർ മേൽപ്പാലം: 'മോദി സർക്കാറിന് അഭിവാദ്യം, പച്ചക്കള്ളം, ബിജെപി നുണ പ്രചരിപ്പിക്കുന്നു' -ഫ്ലക്സ് യുദ്ധം
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ പാല നിർമാണം പൂർത്തിയാക്കിയത്. റെയിൽവേയുടെ ഭൂമിയിലെ നിർമാണ പ്രവർത്തനം നടത്തിയത് റെയിൽവേയാണ്. ഇതിനായി സംസ്ഥാന സർക്കാർ എട്ടുകോടി രൂപയും റെയിൽവേക്ക് നൽകി.

തൃശൂർ: ഗുരുവായൂർ മേൽപ്പാലം യാഥാർഥ്യമായതിന് പിന്നാലെ അവകാശവാദമുന്നയിച്ച് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. ഗുരുവായൂർ മേൽപ്പാലം യാഥാർഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയാണ് ആദ്യം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കെ സുരേന്ദ്രൻ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പ്രധാനമന്ത്രി നരേന്ദ്രമോദി, സുരേഷ് ഗോപി എന്നിവരുടെ ചിത്രം സഹിതമായിരുന്നു ബിജെപിയുടെ ഫ്ലക്സ്.
തൊട്ടുപിന്നാലെ, അതിന് സമീപത്തായി ബിജെപി പറയുന്നത് പച്ചക്കള്ളമാണെന്നും 26 കോടിയോളം രൂപ കിഫ്ബി ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് പാലം നിർമിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. എന്നാൽ, ഫ്ലക്സ് ആരുടേതാണെന്ന് വ്യക്തമല്ല. നാളിതുവരെ കേന്ദ്ര സർക്കാർ ഒരുരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ഫ്ലക്സിൽ പറയുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ പാല നിർമാണം പൂർത്തിയാക്കിയത്. റെയിൽവേയുടെ ഭൂമിയിലെ നിർമാണ പ്രവർത്തനം നടത്തിയത് റെയിൽവേയാണ്. ഇതിനായി സംസ്ഥാന സർക്കാർ എട്ടുകോടി രൂപയും റെയിൽവേക്ക് നൽകി. ഈ എട്ടുകോടി രൂപ റെയിൽവേ സംസ്ഥാന സർക്കാറിന് തിരികെ നൽകുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.
ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം' പദ്ധതിയിലുൾപ്പെടുത്തിയാണ് ഗുരുവായൂർ റെയിൽവേ മേൽപാലം നിർമാണം പൂർത്തിയാക്കിയത്. കിഫ്ബിയിൽ നിന്നും 23.45 കോടി രൂപ വിനിയോഗിച്ച് കേരളത്തിൽ ആദ്യമായി പൂര്‍ണമായും സ്റ്റീൽ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ രീതിയിലാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
Read More.... ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനത്തിനെത്തിയ മന്ത്രി റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം
ഇതിൽ 72 മേൽപാലങ്ങൾക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോൾ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. ഇതിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ, കോഴിക്കോട് ജില്ലയിലെ ഫറോക്ക് റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.