ഇരുചക്രവാഹനത്തിന്‍റെ സീറ്റിനടിയില്‍ ബിജെപിയുടെ പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു വടിവാള്‍ സൂക്ഷിച്ചിരുന്നത്. 

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാരകായുധവുമായി ബിജെപി ബൂത്ത് പ്രസിഡന്‍റ് പിടിയിലായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡിന്‍റെ പിടിയിലായത്. കാട്ടൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

എടതിരിഞ്ഞിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സുരേഷിന്‍റെ സ്‌കൂട്ടറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത്. ഇരുചക്രവാഹനത്തിന്‍റെ സീറ്റിനടിയില്‍ ബിജെപിയുടെ പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞുസൂക്ഷിച്ച നിലയിലായിരുന്നു വടിവാള്‍ സൂക്ഷിച്ചിരുന്നത്. 

ഇരിങ്ങാലക്കുടയിലെ വെളിച്ചെണ്ണക്കമ്പനിയിലെ തൊഴിലാളിയാണ് സുരേഷ്. സേവാ ഭാരതി പ്രവര്‍ത്തകരും ആര്‍എസ്എസും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ എതിരാളികളുടെ ആക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. മേഖലയില്‍ നേരത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവും അരങ്ങേറിയിരുന്നു. എഐഎസ്എഫ് നേതാവ് മിഥുനിന്‍റെ വീടിനുനേരെയും അടുത്തിടെ ആക്രമണമുണ്ടായി.