പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റിൽ നിന്നെത്തിയ സാധനങ്ങളിൽ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയർ, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാൽപ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
അമ്പലപ്പുഴ: കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാധിച്ചവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങൾ മോഷ്ടിച്ച ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയിൽ രാജീവ് പൈയെയാണ് അമ്പലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കളക്ട്രേറ്റിൽ നിന്നെത്തിയ സാധനങ്ങളിൽ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയർ, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാൽപ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജർ കൂടിയായ ഇയാള്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള കെട്ടിടം ക്യാമ്പിലേക്കുള്ള സാധനങ്ങൾ സൂക്ഷിക്കാനായി രണ്ടു മുറികൾ വിട്ടു നൽകിയിരുന്നു. ഇതിൽ ഒരു മുറിയിൽ വസ്ത്രങ്ങളും മറ്റൊന്നിൽ അരിയുൾപ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ രാജീവ് പൈ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്കു സാധനങ്ങൾ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ദേവസ്വത്തിന്റെ സാധനങ്ങളാണന്നായിരുന്നു ഇയാള്‍ നല്‍കിയ വിശദീകരണം. ഇതിനിടെ കൂടുതൽ നാട്ടുകാരും പോലിസും രംഗത്ത് എത്തി. ഇതോടെ പുറക്കാട് വില്ലേജിലെ ജീവനക്കാരന്റെ അറിവോടെയാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
മോഷണത്തിൽ വില്ലേജിലെ ഫീൽഡ് അസിസ്റ്റൻറും തകഴി സ്വദേശിയുമായ സന്തോഷിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാൽ ദിവസങ്ങൾക്കു മുമ്പും ഇത്തരത്തിൽ ഇവിടെ നിന്ന് ചാക്കു കണക്കിന് സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടിട്ടുണ്ടന്നും ചില കോൺഗ്രസ്, സേവാഭാരതി പ്രവർത്തകർ അന്നത്തെ മോഷണത്തിൽ പങ്കാളികളായിരുന്നെന്നും സമീപവാസികൾ ആരോപിക്കുന്നു. സന്തോഷിനെ ഉടൻ പിടികൂടുമെന്നും കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വഷിക്കുമെന്നും എസ് ഐ പറഞ്ഞു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ രാജീവ് പൈയെ റിമാൻറു ചെയ്തു.
