മുഖത്ത് വെളിച്ചമടിക്കുമ്പോള്‍ കറുത്തവസ്ത്രത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രമേ കാണുകയുള്ളൂ. ഇങ്ങനെയാണ് ഇയാള്‍ക്ക് ബ്ലാക്ക് മാന്‍ എന്ന പേര് ലഭിച്ചത്.
കൊല്ലം: ജില്ലയിലെ ഇരവിപുരം, താന്നി, മയ്യനാട് ദേശങ്ങളില്‍ രാത്രി ഭീതിപരത്തിയ ബ്ലാക്ക് മാനെ ഒടുവില്‍ നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ (22)യാണ് പരവൂര്‍ പൊലീസ് പിടികൂടിയത്. പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അടിപിടിനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടിക്കുകയുമായിരുന്നു.
ബ്ലാക്ക് മാന്‍ എന്നാണ് ഇയാള്‍ ഇരവുപുരം, താന്നി, മയ്യനാട് ദേശങ്ങലില്‍ അറിയപ്പെട്ടിരുന്നത്. രാത്രി കറുത്ത വസ്ത്രം ധരിച്ച് കണ്ണില്‍ പ്രത്യേകതരം കോണ്‍ടാക്റ്റ് ലെന്‍സ് വച്ചാണ് ഇയാള്‍ നടന്നിരുന്നത്. മുഖം കറുത്ത തുണികൊണ്ട് മറച്ചിരിക്കും. മുഖത്ത് വെളിച്ചമടിക്കുമ്പോള്‍ കറുത്തവസ്ത്രത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രമേ കാണുകയുള്ളൂ. ഇങ്ങനെയാണ് ഇയാള്‍ക്ക് ബ്ലാക്ക് മാന്‍ എന്ന പേര് ലഭിച്ചത്. മോഷണം നടത്തുന്ന വീടുകളിലെ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ഇയാളുടെ ശീലമായിരുന്നതായും പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുമായി പരവൂര്‍ കൂനയില്‍ മോഷണത്തിനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇരവിപുരത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ പ്രത്യേക താല്‍പര്യമുണ്ടായിരുന്ന ഇയാളെ ആറ് വര്‍ഷം മുമ്പ് പ്രകൃതിവിരുദ്ധ ലൈംഗികബന്ധം നടത്തിയതിന് കേസെടുക്കുകയും ജുവനൈല്‍ ഹോമില്‍ അയക്കുകയും ചെയ്തിരുന്നതായും പരവൂര്‍ പൊലീസ് പറഞ്ഞു. ഇരവുപുരം, അയിരൂര്‍, വര്‍ക്കല സ്റ്റേഷനുകളില്‍ അഭിജിത്തിനെതിരെ കേസുണ്ട്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
