കൊച്ചി റിഫൈനറിയിലെ പെറ്റ്കോക്ക് പ്ലാന്റിൽ നിന്നാണ് പൊടി വന്നതെന്ന് നാട്ടുകാർ ആരോപിക്കുമ്പോൾ, മലിനീകരണ നിയന്ത്രണ ബോർഡ് സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ചോർച്ചയില്ലെന്ന് റിഫൈനറി അധികൃതർ വ്യക്തമാക്കിയെങ്കിലും പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങളിൽ ആശങ്കയിലാണ്.
കൊച്ചി: ചിത്രപ്പുഴ, കരിങ്ങാച്ചിറ, ഇരുമ്പനം മേഖലകളിൽ ബുധനാഴ്ച പുലർച്ചെ വ്യാപകമായി കറുത്ത പൊടി പടർന്നു. പ്രദേശത്തെ വീട്ടുകാർ രാവിലെ പുറത്തിറങ്ങുമ്പോൾ മുറ്റത്തുള്ള കാറിലും ചെടികളിലും പാത്രങ്ങളിലുമെല്ലാം വ്യാപകമായി കറുത്ത പൊടി കാണുകയായിരുന്നു. സമീപത്ത് പ്രവർത്തിക്കുന്ന കൊച്ചി റിഫൈനറിയുടെ പെറ്റ്കോക്ക് പ്ലാന്റിൽ നിന്നാണ് ഈ കറുത്ത പൊടി വന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു മാസം മുൻപ് വെളുത്ത പൊടി പ്രദേശത്താകെ ഇത്തരത്തിൽ പറന്നുവീണിരുന്നു. അത് വെള്ളത്തിൽ ലയിക്കുന്നതായിരുന്നില്ല. എന്നാൽ ബുധനാഴ്ച പുലർച്ചെ കണ്ട പൊടി വെള്ളത്തിൽ ലയിക്കുന്ന സ്വഭാവമുള്ളതാണെന്ന് നാട്ടുകാർ പറയുന്നു. പെറ്റ്കോക്ക് ആണിതെന്നാണ് അവരുടെ ആരോപണം.
റിഫൈനറിയിൽ പെട്രോളും ഡീസലും മറ്റും ഉൽപ്പാദിപ്പിച്ച ശേഷം ലഭിക്കുന്ന കാർബൺ അടങ്ങിയ ഖര രൂപത്തിലുള്ള വസ്തുവാണ് പെറ്റ്കോക്ക്. ഇതിന്റെ അവശിഷ്ടങ്ങളാണ് റിഫൈനറിയിൽ നിന്ന് പറന്ന് പ്രദേശമാകെ വ്യാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പെറ്റ്കോക്ക് ശ്വസിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. പൊടി വീണ് വീടും ശരീരവും ചുറ്റുപാടുമെല്ലാം മലിനപ്പെട്ടതായും നാട്ടുകാർ ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ ഉൾപ്പെടെ നാട്ടുകാർ പരാതി നൽകി. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തി സാമ്പിളുകൾ ശേഖരിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.
അതേസമയം, പെറ്റ്കോക്ക് പ്ലാന്റിൽ നിന്ന് ഒന്നും പുറത്ത് പോകാതിരിക്കാൻ വലിയ ഡോം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്നും, കവർ ചെയ്ത കൺവെയർ വഴിയാണ് പ്ലാന്റിലെ പ്രവർത്തനമെന്നും, വാട്ടർ സ്പ്രിംഗ്ലർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും പ്ലാന്റിലുണ്ടെന്നും റിഫൈനറി അധികൃതർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്ലാന്റിൽ പരിശോധനകൾ നടന്നുവരുന്നതായും, പൊടി വീണതായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


