കുട്ടനാട് മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നത് പരിഗണിക്കുമെന്ന് നിയമസഭയിൽ ഉറപ്പുനൽകിയ വി.ഡി സതീശൻ, തൊട്ടുപിന്നാലെ അവധി നൽകില്ലെന്ന് പറയുന്ന വീഡിയോ പുറത്ത്. കെയു ജനീഷ് കുമാർ എംഎൽഎയാണ് വീഡിയോ പുറത്തുവിട്ടത്.
തിരുവനന്തപുരം: നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടിയും പിന്നാലെ നടത്തിയ പ്രതികരണവും പുറത്തുവിട്ട് കെയു ജനീഷ് കുമാർ എംഎൽഎ. കുട്ടനാടിന് പ്രാദേശിക അവധി തേടിയ റെജി ചെറിയാന് നിയമസഭയിൽ നൽകിയ മറുപടിക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ ആണ് പുറത്തായത്. കുട്ടനാട്ടിലെ മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നൽകണമെന്നാവശ്യപ്പെട്ടാണ് റെജി ചെറിയാൻ എംഎൽയുടെ അവതരിപ്പിച്ചത്.
മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ മറുപടി നൽകി. എന്നാൽ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്ന വിഡി സതീശൻ അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്. 'ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത, ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്' ആണെന്ന് വീഡിയോ ഷെയർ ചെയ്ത് കെയു ജനീഷ് കുമാർ എംഎൽഎ പരിഹസിച്ചു.
എന്നാൽ ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന പ്രതികരണം താൻ കണ്ടില്ലെന്നും മൂലം വള്ളം കളിക്ക് പ്രാദേശിക അവധി എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവധി സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളിയെന്നും റെജി ചെറിയാൻ പറഞ്ഞു.
പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണെമന്നത് ഏറെ കാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
