അന്‍പതോളം വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളില്‍ നങ്കൂരമിട്ടിരിക്കുന്നത്...

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളില്‍ നങ്കൂരമിട്ടിരുന്ന വള്ളം ശക്തമായ കാറ്റിലും തിരമാലകളിലുംപെട്ട് കല്ലിലിടിച്ച് തകര്‍ന്നു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു അപകടം. തുടര്‍ച്ചയായി രണ്ടാംദിവസമാണ് ഇവിടെ വള്ളം തകരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നീര്‍ക്കുന്നം കളപ്പുരതീരത്ത് നങ്കൂരമിട്ടിരുന്ന വള്ളം തകര്‍ന്ന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 

അന്‍പതോളം വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളില്‍ നങ്കൂരമിട്ടിരിക്കുന്നത്. അമ്പലപ്പുഴ കോമന ശരവണഭവനില്‍ സാബുവിന്റെ നേതൃത്വത്തില്‍ പത്തംഗ മത്സ്യത്തൊഴിലാളി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഓം ഡിസ്‌കോ വള്ളമാണ് ശനിയാഴ്ച തകര്‍ന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ കടലില്‍ പോകാതെ പുലിമുട്ടിനുള്ളില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. 

തുറമുഖത്ത് ഉണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് ഉടമകളും തൊഴിലാളികളും എത്തിയപ്പോള്‍ വള്ളം മുങ്ങിയ നിലയിലായിരുന്നു. വള്ളത്തിന്റെ അടിഭാഗം പൂര്‍ണമായും തകര്‍ന്നു. ക്യാമറ, ലെന്‍സ്, വീഞ്ച് എന്നിവ നശിച്ചു. വള്ളം മണ്ണിലുറച്ചുപോയതിനാല്‍ യന്ത്രസഹായമില്ലാതെ വലിച്ച് കരയിലെത്തിക്കാനാകില്ല. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.