Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം ബോട്ടപകടം; മരണം മുന്നിൽ കണ്ട നിമിഷങ്ങളോർത്ത് വിറങ്ങലിച്ച് സഹോദരങ്ങൾ

അന്നം തേടിയിറങ്ങി കടലിൽ പെട്ട് ശരീരത്തിനും മനസിനുമേറ്റ മുറിവുകൾ ഉണങ്ങാൻ ഇവർക്ക് ഇനിയും നാളുകൾ ഏറെ വേണ്ടി വരും...

boat capsized and Brothers in the midst of facing death and coming back to life
Author
Thiruvananthapuram, First Published May 30, 2021, 11:53 AM IST

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ അതിജീവിച്ചെങ്കിലും കടലിനടിയിൽ ജീവന് വേണ്ടി പോരാടിയ മണിക്കൂറുകളുടെ ഞെട്ടൽ മാറാതെ  ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബിൻസണും സഹോദരങ്ങളായ ജസ്റ്റിൻ, ശബരിയാർ എന്നിവരുമാണ് മരണം മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിൻറെ നടുക്കം മാറാതെ കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും കടൽക്ഷേഭത്തിലും പെട്ട് മരണത്തെ മുന്നിൽകണ്ട പൂന്തുറ സ്വദേശി സെൽവരാജും ജസ്റ്റിനും ഇത് രണ്ടാം ജന്മം തന്നെയെന്നാണ് പറയുന്നത്. 

അന്നം തേടിയിറങ്ങി കടലിൽ പെട്ട് ശരീരത്തിനും മനസിനുമേറ്റ മുറിവുകൾ ഉണങ്ങാൻ ഇവർക്ക് ഇനിയും നാളുകൾ ഏറെ വേണ്ടി വരും. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും  പ്രശാന്തമായ അന്തരീക്ഷം കണ്ട് പെട്ടെന്ന് തിരിച്ചെത്താമെന്ന് കരുതിയാണ്  ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ റോബിൻസണും സഹോദരങ്ങളും വിഴിഞ്ഞത്തുനിന്ന് വള്ളമിറക്കിയത്. അധികദൂരം പോകാതെ തീരത്തു നിന്ന് കഷ്ടിച്ച് അഞ്ച് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വലവിരിച്ച് മീനിനായി കാത്തിരിക്കുമ്പോഴാണ് ശക്തമായ കാറ്റ്  വീശിയടിച്ചത്.  ഇതോടെ കടലും  ഇളകി മറിയാൻ തുടങ്ങിയതോടെ  മടങ്ങാനായി വലവലിച്ചപ്പോൾ വലപൊട്ടി. അപകടം മുന്നിൽ കണ്ടതോടെ വഴിഞ്ഞം ലക്ഷ്യമാക്കി ബോട്ട് ഓടിച്ചു. 

പക്ഷെ ശക്തമായ കടൽത്തിരകളെ മുറിച്ച് മുന്നേറാനാകാതെ കഷ്ടപ്പെട്ടു. ഒരു വിധം മുന്നോട്ട് നീങ്ങി കരയോടടുക്കാറായപ്പോൾ ആർത്തലച്ച തിരമാലകൾ ഉയർന്നുപൊങ്ങി ബോട്ടിനെ കമഴ്ത്തിയടിച്ചു. വെള്ളത്തിൽ തെറിച്ച് വീണ മൂവരും വീണ്ടും കമഴ്ന്നു കിടന്ന് വളളത്തിൽ അള്ളിപ്പിടിച്ചു കിടന്നു. തകർന്ന വള്ളത്തിൽ ജീവൻ രക്ഷിക്കാൻ പ്രാർത്ഥനയോടെ കിടന്നവരെ കുടഞ്ഞുമാറ്റാനുള്ള തിരമാലകളുടെ ശ്രമം തുടർന്നു. ജീവന് വേണ്ടിയുള്ള  മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനിടയിൽ അടിവശത്തുള്ള ശംഖിൻ്റെയും മറ്റും കൂർത്ത മുനകൾ കൊണ്ട് ശരീരമാസകലം മുറിവുകളുണ്ടായെങ്കിലും പിടിവിട്ടില്ല. 

രക്ഷക്കായി ആരുമെത്താതിരിക്കെ ലക്ഷ്യമില്ലാതെ ഒഴുകിയ വള്ളം ആഴിമലത്തീരത്തെ പാറക്കൂട്ടങ്ങളിലേക്ക് ഇടിച്ച് കയറി തകർന്നു. വീണ്ടും  തെറിച്ച് കടലിൽ തെറിച്ച് വീണ മൂവരും സർവ്വ ശക്തിയും ഉപയോഗിച്ച് കരയിലേക്ക് നിന്തി തിരയിളക്കത്തിൽ  പാറക്കൂട്ടങ്ങളിൽ ഇടിച്ച് പരിക്കേറ്റെങ്കിലും മനക്കരുത്ത് വീണ്ടെടുത്ത് ധൈര്യം കൈവിടാതെയുള്ള ശ്രമത്തിനൊടുവിൽ രാത്രി ഒരു മണിയോടെ അടിമലത്തുറ തീരത്ത് എത്തി. ഏറെ അവശരായ മൂവരെയും നാട്ടുകാർ വിഴിഞ്ഞത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തിരമാലകളോട് മല്ലടിച്ച് ജീവനും കൈയ്യിൽ പിടിച്ച് മണിക്കൂറുകളോളം നീന്തി കരക്കെത്തിയ പൂന്തുറ സെൻ്റ് തോമസ് കോളനി സ്വദേശി സെൽവരാജിനും സഹപ്രവർത്തകനായ ജസ്റ്റിനും ജീവൻ തിരിച്ച് കിട്ടിയതിൽ ആശ്വാസമുണ്ടെങ്കിലും ഒപ്പമുണ്ടായിരുന്ന ജോസഫിനെ കടലിൽ  കാണാതായത് വലിയ  ആഘാതമായി.  

പൂന്തുറ സ്വദേശി ജോസ് മാത്യൂവിൻ്റെ വള്ളത്തിൽ പൂന്തുറയിൽ നിന്നാണ് മൂവരും ഉപജീവനം തേടിയിറങ്ങിയത്. കാറ്റിനൊപ്പം കടൽക്ഷോഭവും ശക്തമായതോടെ രക്ഷപ്പെടാൻ വിഴിഞ്ഞത്തേക്ക് വള്ളമോടിച്ചെങ്കിലും ആഞ്ഞടിച്ച തിരമാലകൾ വള്ളം തകർത്തു. ജീവൻ രക്ഷിക്കാൻ കൈയ്യിൽ കിട്ടിയ കന്നാസുകളിൽ പിടിച്ച് കുറ്റാക്കൂരിരുട്ടിൽ എങ്ങോട്ടെന്നില്ലാതെ നീന്തവെ മൂവരും പല വഴിക്കായി പിരിഞ്ഞു. തിരമാലകൾ തീർത്ത ശക്തമായ പ്രതിരോധത്തിലും പ്രതിക്ഷകൾ കൈവിടാതെ നിലയില്ലാക്കയത്തിലൂടെ പത്ത് മണിക്കൂറോളം നീന്തിത്തളർന്ന് സെൽവരാജ് പുല്ലുവിള തീരത്തും ജസ്റ്റിൻ അടിമലത്തുറതീരത്തും കയറി. അവശനിലയിൽ  ബോധം നശിക്കാറായ ഇരുവരെയും നാട്ടുകാർ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ കാണാതായ ജോസഫ് പൂവാറിൽ നീന്തിക്കയറി എന്നൊരു സന്ദേശം ഇന്നലെ ഉച്ചയോടെ വന്നത് പ്രതീക്ഷയേകിയെങ്കിലും സന്ദേശം സത്യം അല്ലെന്ന് അധികൃതർ ഉറപ്പു വരുത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും കണ്ണീർ കടലിലായി.

Follow Us:
Download App:
  • android
  • ios