എറണാകുളം: പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനത്തിന് പോയ യുവാവിനെ കാണാതായിട്ട് ഏഴ് ദിവസം കഴിഞ്ഞു. എറണാകുളം ഓച്ചന്തുരുത്ത് സ്വദേശി മിഥുനെയാണ് കൊച്ചി കായലിൽ വള്ളം മറിഞ്ഞ് കാണാതായത്. കോസ്റ്റൽ പൊലീസും ഫിഷറീസും തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതു വരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. 

പ്രളയത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഫോൺ കോളിന് പിന്നാലെ ആണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മിഥുൻ വീട്ടിൽ നിന്നിറങ്ങിയത്.  പ്രളയം എത്തിയത് മുതൽ പത്തടിപ്പാലത്തെ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു ഈ ഇരുപത്തിമൂന്നുകാരൻ. ഓച്ചത്തുരുത്ത് അത്തോച്ചക്കടവിൽ നിന്ന് പത്തടിപ്പാലത്തേക്കുള്ള യാത്ര തുടങ്ങവെ മിഥുനും രണ്ട് കൂട്ടു കാരും സഞ്ചരിച്ച വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ മറ്റ് രണ്ട് പേരെയും രക്ഷിക്കാനായെങ്കിലും മിഥുൻ ഒഴുക്കിൽപ്പെട്ടുകയായിരുന്നു. 

കോസ്റ്റൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഫിഷറീസ് വകുപ്പും അന്വേഷണം തുടങ്ങിയെങ്കിലും ഇത് വരെ കളക്ടർക്ക് റിപ്പോർട്ട് കൈമാറാൻ പോലും ആയിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വേണ്ട ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.