എറണാകുളം: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും  മൃതദേഹം കണ്ടെത്തി. എളമക്കര സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ  കെഎൽ ശ്യാം, ബന്ധുവും ആലുവ സ്വദേശിയുമായ  സഞ്ജയ് എന്നിവരാണ് മരിച്ചത്. തീരദേശ പൊലീസും നേവിയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

സിസിലി ബോട്ടുജെട്ടിക്ക് സമീപം ഇന്നലെ വൈകുന്നേരം അ‌ഞ്ചരയോടെയായിരുന്നു അപകടം. പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അർധരാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന്  രാവിലെ എട്ടു മണിയോടെ കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ സഞ്ജയുടെ മൃതദേഹം കിട്ടി. ഉച്ചയോടെ നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് എളമക്കരസ്വദേശിയും ഹെക്കോടതി അഭിഭാഷകനുമായ കെഎൽ ശ്യാമിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കളായ ശ്യാമും സഞ്ജയും മുളവുകാടുള്ള സൃഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് കുമ്പളം സ്വദേശി ലിജോവിനേയേും കൂട്ടി മീൻപിടിക്കാനായി സമീപത്തെ  തുരുത്തിൽ പോയി. ഇവിടെ നിന്ന് മടങ്ങുമ്പോഴാണ് വള്ളം മറിഞ്ഞത്.  ലിജോ നീന്തി രക്ഷപ്പെട്ടു. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.