കോവളം സ്വദേശിയായ പാചക തൊഴിലാളിയെ സഹോദരിയുടെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു, കഴുത്തിൽ ബലപ്രയോഗം നടന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.  

തിരുവനന്തപുരം: കോവളം സ്വദേശിയായ പാചക തൊഴിലാളി യുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കോവളം നെടുമം പറമ്പിൽ വീട്ടിൽ രാജേന്ദ്രനെ (60) ആണ് നെടുമത്തെ സഹോദരിയുടെ വീടിൻ്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടത്. സിറ്റിയിലെ ഒരു ഹോട്ടലിലെ കുക്ക് ആയിരുന്നു.പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെ തുടർന്നാണ് അന്വേഷണം.

സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ആളെ 17ന് വീടിന്റെ ടെറസിൻ്റെ മുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് തുടർ അന്വേഷണത്തിന് കാരണം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. ഒരാൾ കസ്റ്റഡിയിലായതായാണ് വിവരം. ബന്ധുകൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്ത് വിട്ടയയിച്ചിരുന്നു. ഭാര്യയുമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു ഇയാൾ എങ്കിലും മകനെ കാണുമായിരുന്നു. കസ്റ്റഡിയിലുള്ളയാളെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കിയതാണ് വിവരം.