രണ്ടു തരത്തിലുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖം തോര്‍ത്തുകൊണ്ട് മറച്ച നിലയിലും കൈകള്‍ പിന്നില്‍ കയര്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടത്. എങ്കിലും കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ മാസം ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് വികാസ് കുമാര്‍ ബീഹാറിലുള്ള ബന്ധുക്കളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്

അമ്പലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബീഹാര്‍ സ്വദേശി വികാസ് കുമാറിന്റേത് എന്നു സംശയിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം പറവൂര്‍ കടപ്പുറത്തിനു സമീപം കണ്ടെത്തിയത്. യുവാവിന്റെ ജീന്‍സില്‍ നിന്നു ലഭിച്ച കടലാസില്‍ ബീഹാര്‍ ബോജ്പൂര്‍ ജില്ലയില്‍ ശിവ മുനി റാം മകന്‍ വികാസ് കുമാര്‍ എന്ന് കണ്ടെത്തിയിരുന്നു. 

ഇദ്ദേഹം തന്നെയാണോ മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ എത്തിയ ശേഷമേ ഉറപ്പാക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. ബീഹാറിലുള്ള ബന്ധുക്കള്‍ വിവരമറിഞ്ഞ് ട്രെയിനില്‍ യാത്ര തിരിച്ചിട്ടുണ്ട്. ഇവര്‍ പുന്നപ്രയിലെത്തിയാല്‍ മാത്രമെ സംഭവത്തില്‍ വ്യക്തത കൈവരു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഡി വൈ എസ് പി: പി വി ബേബി പറഞ്ഞു. 

രണ്ടു തരത്തിലുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖം തോര്‍ത്തുകൊണ്ട് മറച്ച നിലയിലും കൈകള്‍ പിന്നില്‍ കയര്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടത്. എങ്കിലും കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ മാസം ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് വികാസ് കുമാര്‍ ബീഹാറിലുള്ള ബന്ധുക്കളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. 

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ യുവാവ് ഇപ്പോള്‍ ബീഹാറില്‍ ഉണ്ടെന്ന് തെളിഞ്ഞു. ഏതാനും ദിവസം മുന്‍പ് മരണപ്പെട്ട യുവാവ് തോര്‍ത്തുമായി സംഭവം നടന്ന സ്ഥലത്തു കൂടി നടന്നു പോകുന്നത് കണ്ടിരുന്നുവെന്ന് പരിസരവാസികള്‍ പോലീസിനോടു പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുന്നപ്ര പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.