മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഇവർ തിരികെയെത്തി.

ആലപ്പുഴ: താമരക്കുളത്ത് പാഴ്സൽ വാങ്ങിയ ആഹാരത്തിനൊപ്പം നൽകിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ സംഘർഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

താമരക്കുളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിൽ ഇന്നലെ നാലു മണിയോടെ ആയിരുന്നു സംഘർഷം. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആറരയോടെ ഇവർ തിരികെയെത്തി. തുടർന്ന് വാക്കേറ്റമായി. ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സഹോദരൻ മുഹമ്മദ് നൗഷാദ് എന്നിവർ ചേർന്ന് യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കൈയ്യാങ്കളിയായി. ചട്ടുകം കൊണ്ടുള്ള അടിയിൽ ഉവൈസിന്‍റെ തല പൊട്ടി. പിടിച്ചു മാറ്റാൻ വന്ന സഹോദരനും പരിക്കേറ്റു.

കടയുടെ മുൻവശത്തെ ചില്ലുകളുൾപ്പെടെ അടിച്ചുപൊട്ടിച്ചാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിൽ കേസെടുത്ത നൂറനാട് പൊലീസ്, വള്ളികുന്നം സ്വദേശികളായ അനൂപ്, വിഷ്ണു, സുബിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 

വിചിത്രമായൊരു മോഷണം, 'ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക'; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാർ

YouTube video player