കൊല്ലം: റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കല്ലുംതാഴം സ്വദേശി അഖിലേഷിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവേ ബൈപ്പാസില്‍ പാല്‍ക്കുളങ്ങരയില്‍ വച്ചാണ് അഖിലേഷിന്‍റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നത്. തെറിച്ചുവീണ അഖിലേഷിനെ നാട്ടുകാര്‍ ബൈപ്പാസിലെ തന്നെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ  അഖിലേഷിന് ഞായറാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അവയവദാനമെന്ന മഹാദാനത്തിന് അഖിലേഷിന്‍റെ വീട്ടുകാര്‍ സമ്മതം അറിയിച്ചു.

അഖിലേഷിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും കോര്‍ണിയകൾ കണ്ണാശുപത്രിക്കും നല്‍കി. സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവങ്ങൾ ദാനം ചെയ്തത്.