ലോകകപ്പിൽ നിന്ന് ബ്രസീലും പോർച്ചുഗലും അപ്രതീക്ഷിതമായി പുറത്തായത് ആരാധകരെ മാത്രമല്ല, സീസൺ ലക്ഷ്യമിട്ട് വൻതോതിൽ ജേഴ്‌സികളും മറ്റ് ഉൽപ്പന്നങ്ങളും സ്റ്റോക്ക് ചെയ്ത വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. വിൽപ്പന കുത്തനെ ഇടിഞ്ഞതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർ നേരിടുന്നത്. 

തൃശൂര്‍: ലോകകപ്പിൽ ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും പോര്‍ച്ചുഗലും അപ്രതീക്ഷിതമായി പുറത്തായതോടെ നിരാശയിലായത് ആരാധകര്‍ മാത്രമല്ല, ലോകകപ്പ് സീസണ്‍ ലക്ഷ്യമിട്ട് വൻ തുക മുടക്കിയ കച്ചവടക്കാരും വെട്ടിലായി. വന്‍കിട കച്ചവടക്കാര്‍ ലക്ഷകണക്കിന് രൂപയുടെ വ്യാപാരം പ്രതീക്ഷിച്ചിരുന്ന ജേഴ്‌സി, കൊടി, ഫ്ലെക്സ്, ഫോട്ടോ തുടങ്ങിയ ലോകകപ്പ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധാരണയായി ലോകകപ്പ് മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബ്രസീല്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ജേഴ്‌സികള്‍ക്കും കൊടികള്‍ക്കും വലിയ ആവശ്യക്കാരാണ് ഉണ്ടാകാറുള്ളത്. ടീമുകള്‍ മുന്നേറുന്നതിനനുസരിച്ച് വില്‍പ്പനയും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ചെറുകിട വ്യാപാരികളും അച്ചടിശാലകളും മുന്‍കൂട്ടി വലിയ തോതില്‍ സ്റ്റോക്ക് ഒരുക്കിയിരുന്നു.

എന്നാല്‍ ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാർട്ടറിൽ തന്നെ പുറത്തായതോടെ ആരാധകര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. ഇതോടെ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ വ്യാപാരികളെ ആശങ്കയിലാഴ്ത്തുകയാണ്. തെരുവ് കച്ചവടക്കാരും ചെറുകിട അച്ചടിശാലകളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഇത് സാമ്പത്തിക തിരിച്ചടിയായി.

അതേ സമയം ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച സ്‌പെയിന്‍, ബെല്‍ജിയം, നോര്‍വെ, ഫ്രാന്‍സ് തുടങ്ങിയ ടീമുകളുടെ കൊടിയും, ജേഴ്‌സിയും അന്വേഷിച്ച് ആരാധകര്‍ എത്തി തുടങ്ങി. അര്‍ജന്‍റീന മാത്രമാണ് ആശ്വാസമാകുന്ന ഘടകം. ഫൈനല്‍ മത്സരങ്ങള്‍ അടുത്തെത്തുന്നുണ്ടെങ്കിലും വിപണിയില്‍ പതിവ് ലോകകപ്പ് ആവേശം പ്രകടമല്ല. ഇനി ശേഷിക്കുന്ന ടീമുകളുടെ പ്രകടനവും ഫൈനല്‍ പോരാട്ടവും ആശ്രയിച്ചാണ് വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ ഇതിനകം നേരിട്ട നഷ്ടം നികത്താന്‍ അത് മതിയാകില്ലെന്ന ആശങ്കയാണ് ചെറുകിട കച്ചവടക്കാര്‍ പങ്കുവയ്ക്കുന്നത്.