തൃശ്ശൂർ: നഗരത്തിലെ കുറിഞ്ഞാക്കൽ ഇനി തുരുത്തല്ല. നഗരവുമായി ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമായതോടെ മുപ്പതോളം കുടുംബങ്ങളുടെ യാത്രാ ക്ലേശത്തിനാണ് അറുതിയായത്. നേരത്തെ ഇവിടുത്തുകാർക്ക് വഞ്ചി മാത്രമായിരുന്നു ആശ്രയം.

വലിയൊരു മോചനമാണിത്. വർഷകാലം വന്നാൽ വഞ്ചി പോലും പോകാത്ത സ്ഥിതിയായിരുന്നു. രാത്രി ആശുപത്രിയിൽ പോകേണ്ടി വന്നാൽ ഒന്നും നടക്കുമായിരുന്നില്ല. ഇപ്പോൾ പ്രശ്ന പരിഹാരമായി എന്ന് പ്രദേശവാസി ബാബുവിന്റെ ആശ്വാസം നിറഞ്ഞ വാക്കുകൾ.

തൃശൂര്‍ നഗരത്തില്‍ നിന്ന് വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്താണ് കുറിഞ്ഞാക്കല്‍ തുരുത്ത്. എന്നാല്‍ നഗരത്തിൻറെ സൗകര്യങ്ങളോ മോടികളോ ഒന്നും ഏഴയലത്ത് എത്തിയിട്ടില്ല. പ്രധാന പാതയിലെത്താൻ വഞ്ചിയെ ആശ്രയിക്കുക. അല്ലെങ്കിൽ നാല് കിലോമീറ്റർ ചുറ്റി പുഴയ്ക്കൽ വഴി പോവുക ഇതായിരുന്നു സ്ഥിതി. നാല് കോടിയിലധികം രൂപ ചിലവിട്ടാണ് പാലം നിർമ്മിച്ചത്.

1500 ഏക്കർ കൃഷിയിടങ്ങളിലേക്കുളള യന്ത്ര സാമഗ്രികളുടേയും ഉൽപ്പന്നങ്ങളുടേയും നീക്കവും ഇനി എളുപ്പമാകും. പുഴയ്ക്കല്‍ പാടങ്ങലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.