അട്ടപ്പാടിയിൽ എക്സൈസ് വകുപ്പ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. പാടവയൽ കിണറ്റുക്കര മലനിലയിൽ നിന്ന് 110 ചെടികൾ ഉൾപ്പെടെ 2 ആഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികളാണ്. സ്പെഷ്യൽ ഡ്രൈവിൽ നിരവധി അബ്ക്കാരി കേസുകളും രജിസ്റ്റർ ചെയ്തു.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിൻറെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് പാടവയൽ കിണറ്റുക്കര മലനിലയിൽ നിന്നും110 കഞ്ചാവു ചെടികൾ എക്സൈസ് നശിപ്പിച്ചു. അഗളി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഞ്ചാവ് തോട്ടം നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ പത്തിലധികം തോട്ടങ്ങളിൽ നിന്നായി 3797 കഞ്ചാവ് ചെടികളാണ് എക്സൈസ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പാടവയൽ പ്രദേശത്തെ ആറിലമലയിൽ നിന്നും എക്സൈസ് സംഘം 763 കഞ്ചാവു ചെടികൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 22നാണ് കാട് കയറി കഞ്ചാവ് തോട്ടങ്ങൾ പാടേ നശിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഊർജിതമാക്കിയത്. അന്ന് പാടവയൽ പ്ലാമരത്തോട് ഉന്നതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആരെല്ലാമലയിലെ 120 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു.
ഈ മാസം 1ന് അഗളി പഞ്ചക്കാട്ടിൽ നിന്നും, മൂന്നാം തീയതി ആരെല്ലാമലയിലും ഇത്തരത്തിൽ വ്യാപകമായി കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ നടത്തിയ 855 പ്രത്യേക പരിശോധനകളില്‍ 118 അബ്ക്കാരി കേസുകളും 38 മയക്കു മരുന്ന് കേസുകളും കണ്ടെത്തി. ഈ കേസുകളിലായി 125 പേരെ അറസ്റ്റ് ചെയ്തു. അബ്ക്കാരി കേസുകളില്‍ 475.450 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 121.5 ലിറ്റര്‍ ചാരായം,7447 ലിറ്റര്‍ വാഷ്, 6.5 ലിറ്റര്‍ ബിയര്‍, 2543 ലിറ്റര്‍ കള്ള്, അഞ്ച് വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസുകളില്‍ നിന്ന് 81.181 കിലോ ഗ്രാം കഞ്ചാവ്, 3797 കഞ്ചാവ് ചെടികള്‍, 1100 ഗ്രാം ഹാഷിഷ് ഓയില്‍, 1000 ബ്രൂപ്രിനോര്‍ഫിന്‍ ടാബ്, മൂന്ന് ഇ- സിഗരറ്റ്, ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 665 കേസുകള്‍ കണ്ടെത്തുകയും ഈ കേസുകളിലായി 37.421 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 1.35 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. 889 കള്ളുഷാപ്പുകളും 653 കള്ള് കടത്ത് വാഹനങ്ങളും പരിശോധിച്ച് 191 കള്ള് സാമ്പിളുകളും 55 ബാറുകളില്‍ പരിശോധിച്ചു. 12782 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. 573 കള്ള് ചെത്ത് തോട്ടങ്ങളില്‍ പരിശോധന നടത്തി. 193 സ്‌കൂള്‍, 18 റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും 21 അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.
കള്ള് ഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഈ കാലയളവില്‍ പ്രത്യേകം നിരീക്ഷിച്ച് വരുന്നുണ്ട്. കൂടാതെ എല്ലാ ഡിസ്റ്റിലറി/ബ്ര്യൂവറികളിലും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും ആയി ചേര്‍ന്ന സംയുക്ത പരിശോധനകള്‍ നടത്തി. അട്ടപ്പാടി ചിറ്റൂര്‍ മേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രത്യേക റെയിഡുകള്‍ നടത്തി. അതിര്‍ത്തി വഴികളിലൂടെയുള്ള കടത്തല്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടി എടുക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം ഉള്ളതായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സതീഷ് അറിയിച്ചു.


