പയ്യന്നൂർ: വെങ്കല ശിൽപ്പ നിർമ്മാണത്തിൽ ആയിരം വര്‍ഷത്തെ പാരമ്പര്യമുള്ള ​ഗ്രാമമാണ് പയ്യന്നൂരിനടുത്തെ കുഞ്ഞിമംഗലം. സർക്കാർ പൈതൃക ഗ്രാമമായ പ്രഖ്യാപിച്ച കുഞ്ഞിമം​ഗലം വെങ്കല ശിൽപ്പ നിർമ്മാണത്തിൽ രാജ്യത്തിനകത്തും പുറത്തും പ്രശസ്തി നേടിയ നാടാണ്. വിഗ്രഹങ്ങൾ, വിളക്കുകൾ, തെയ്യ ആടയാഭരണങ്ങൾ, പ്രതിമകൾ എന്നിവയാണ് കുഞ്ഞിമം​ഗലത്തുനിന്നും വാർത്തെടുക്കുന്നത്.

2015-ൽ കുഞ്ഞിമം​ഗലത്തെ സർക്കാർ വെങ്കല പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ശിൽപ്പികളുടെ ഗ്രാമമായ കു‍ഞ്ഞിമം​ഗലത്തുനിന്നുള്ള ശിൽപ്പിയാണ് നാരായണൻ മാസ്റ്റർ. ഇന്ത്യൻ പാർലമെന്‍റിലെ എകെജി പ്രതി നാരായൺ മാസ്റ്ററുടെ കരവിരുതാണ്. കുഞ്ഞിമംഗലത്തെ മൂശകളിൽ വാർത്തെടുത്ത ശിൽപ്പങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.  പഴമയിൽ വാർത്തെടുത്ത കുഞ്ഞിമംഗലം വിളക്കുകൾക്കായി ദൂരദേശത്തുനിന്ന് പോലും ആവശ്യക്കാരെത്താറുണ്ട്. 

എന്നാല്‍, നൂറ് കുടുംബങ്ങളിലുണ്ടായിരുന്ന വെങ്കല ശിൽപ്പ നിർമ്മാണം ഇപ്പോൾ പത്ത് കുടുംബങ്ങളിലേക്കായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞമാസം ഗ്രാമത്തില്‍ ശിൽപ്പ നിർമ്മാണ പരിശീലന പരിപാടി തുടങ്ങി. ശിൽപ്പ കലയിൽ നിന്ന് അകന്നുപോയ കുഞ്ഞിമംഗലത്തെ പുതുതലമുറയെ തിരിച്ചെത്തിക്കാനാണ് സാംംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് തുടങ്ങിയത്.