കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. 

മാനന്തവാടി : കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ പി സുധി ആണ് പിടിയിലായത്. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌ക്വാഡാണ് കൈക്കൂലി സഹിതം സുധിയെ പിടിച്ചത്.

ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഓവര്‍സീയറെ സൈറ്റില്‍ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നല്‍കി. ഈ പണമാണ് വിജിലന്‍സ് സംഘം തെളിവ് സഹിതം പിടികൂടിയത്. വയനാട് വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍മാരായ ശശിധരന്‍, ജയപ്രകാശ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ലോറിയിലിടിച്ച കാറിൽ നിന്ന് നാലുപേർ ഇറങ്ങിയോടി, കാറിനകത്ത് തുരുമ്പെടുത്ത രക്തക്കറയുള്ള വടിവാൾ

തൃശ്ശൂർ: തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേ‌ർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിന് പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂ‌ർ വെങ്ങിണിശ്ശേരിയിൽ രാവിലെയാണ് കാ‌ർ ലോറിയിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തക‌ർന്നു. അപകടം കണ്ട് നാട്ടുകാ‌ർ കൂടാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാ‌ർ പൊലീസിൽ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന പോലുള്ള വടിവാളാണിത്.

തുരുമ്പ് കയറിയ നിലയിലുള്ള വടിവാൾ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫൊറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ വാളിൽ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാ‌ർ. 

ഇയാളുമായി ബന്ധപ്പെട്ടപ്പോൾ കാ‌ർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നൽകി. കാ‌ർ ഉടമസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ട സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.