ആലപ്പുഴ: നാലര നൂറ്റാണ്ടിന് മുന്‍പ് അമ്പലപ്പുഴ രാജാവ് പണികഴിപ്പിച്ച് നല്‍കിയ കോഴിമുക്ക് ചെമ്പകശ്ശേരി ആല വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുവീണു. പതിറ്റാണ്ടുകളായി സംരക്ഷണം ഇല്ലാതെ മേല്‍ക്കൂര തകരുന്ന അവസ്ഥയിലായിരുന്നു ആല. ഓല കെട്ടി മേഞ്ഞിരുന്ന ആല ചോര്‍ന്നൊലിച്ച് നിന്നതിനാല്‍ മുകളില്‍ പടുത മറച്ച് സൂക്ഷിച്ചിരുന്നു. മേല്‍ക്കൂരയും തൂണുകളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. 

നാലര പതിറ്റാണ്ട് മുന്‍പ് അമ്പലപ്പുഴ രാജകുടുംബത്തിലെ മാനവേദന്‍ രാജാവ് കൊല്ലപ്പണിക്കായി ആല നിര്‍മ്മിച്ച് നല്‍കിയതാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജകുടുംബത്തിലെ ഇരുമ്പുപണിയുമായി ബന്ധപ്പെട്ട് രാജാവിന്റെ ജന്മസ്ഥലമായ കുടമാളൂരില്‍ നിന്നാണ് ചെമ്പകശ്ശേരി കൊല്ലപ്പണിക്കരെ കോഴിമുക്കില്‍ താമസിപ്പിച്ചത്.  കൊല്ലപ്പണിയില്‍ പ്രാവീണ്യം തെളിയിക്കാന്‍ മുട്ടത്തോടില്‍ പൂട്ടു പിടിപ്പിച്ച്  രാജാവിനു കാഴ്ചവച്ചു. 

അത്ഭുത വിദ്യകണ്ട് സന്തുഷ്ടരായ രാജാവ് പാരിതോഷികമായി കരം ഒഴിവാക്കി സ്ഥലവും അറയും നിലവറയുമുള്ള വീടും പണിതു നല്‍കി. അതോടൊപ്പം കുടുംബത്തിലുള്ളവര്‍ക്ക് തൊഴില്‍ ചെയ്തു ജീവിക്കാന്‍ പണിശാലയായി ആലയും നിര്‍മിച്ചു നല്‍കി. കാലപ്പഴക്കത്താല്‍ അറയും നിലവറവീട് തകര്‍ന്നിരുന്നു. 

ജീര്‍ണിച്ചതെങ്കിലും ആല മാത്രം നിലനിര്‍ത്താനേ ഈ തലമുറയില്‍പെട്ടവര്‍ക്ക് കഴിഞ്ഞുള്ളൂ. അതാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു വീണത്. നിലവില്‍ താമസിക്കുന്നത് ആറാം തലമുറയില്‍ പെട്ടവരാണ്. എടത്വാ പള്ളി ഉള്‍പ്പെടെ നിരവധി പള്ളികളിലൂടെയും ക്ഷേത്രങ്ങളുടെയും പൂട്ടുകള്‍ നിര്‍മിച്ചു നല്‍കിയത് ഈ ആലയില്‍ വച്ചായിരുന്നു.