Asianet News MalayalamAsianet News Malayalam

'ബുറെവി' ശക്തമായാൽ ശബരിമല തീർത്ഥാടനത്തിന് കൂടുതൽ നിയന്ത്രണം, അതീവജാഗ്രത

ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനവഴിയിൽ മരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്.

burevi live updates restrictions at sabarimala precautions
Author
Pamba, First Published Dec 3, 2020, 1:56 PM IST

പത്തനംതിട്ട: 'ബുറെവി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. നിലവിൽ രണ്ടായിരം പേർക്ക് മാത്രം ദർശനത്തിന് അനുമതിയുള്ളതിനാൽ വലിയ ആശങ്കകൾ ഇല്ല. പത്തനംതിട്ട ജില്ലയിലും ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള കാനനവഴിയിൽ മരങ്ങൾ ഒടിഞ്ഞ് വീഴാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ദർശനത്തിനെത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ആലോചന. എന്നാൽ നിലവിൽ വളരെക്കുറച്ച് ഭക്തർ മാത്രമാണ് എത്തുന്നത് എന്നതുകൊണ്ട് തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യങ്ങൾ ആലോചിക്കൂ. 

അടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സംഘത്തിന്‍റെയും പ്രത്യക സംഘങ്ങളും ശബരിമലയിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകളുള്ള മലയോര മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ ആരേയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ കാര്യമായി ജല നിരപ്പ് ഉയർന്നിട്ടില്ലാത്തത് ആശ്വാസമാണ്. കക്കി ആനത്തോട്, പമ്പ അണക്കെട്ടുകളിൽ തുടർച്ചയായി മൂന്ന് ദിവസം മഴ നിർത്താതെ പെയ്തെങ്കിൽ മാത്രമേ പരാമാവധി സംഭരണ ശേഷിയിൽ ജല നിരപ്പ് എത്തു. മൂഴിയാ‌ർ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകി.

Follow Us:
Download App:
  • android
  • ios