മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു, മൂപ്പതോളം പേർക്ക് പരിക്ക്
വയനാട് സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഗാലക്സി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

മലപ്പുറം: മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വയനാട് സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഗാലക്സി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അതേസമയം തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ഇടുക്കി ടൗണിന് സമീപം ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കുമളി മന്നാക്കൂടി സ്വദേശികളായ പ്രദീപ്, അംബിക ചന്ദ്രൻ, അക്ഷയ് പി.എ. എന്നിവർക്കാണ് പരിക്കേറ്റത് . കുമളിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടുക്കി ഡാം ടോപ്പിന് താഴെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി മൂന്നുപേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന പ്രദീപിന്റെ പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.