ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു.
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ (Edapal Over Bridge) കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി (Suicide Threat). ആത്മഹത്യാ ഭീഷണി മുഴക്കിയത് പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ ഇവര്‍ കാണാന്‍ വിസമ്മതിക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്ന് എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപം എത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങള്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു. പിന്നീട് വാഹനത്തില്‍ കയറി എടപ്പാള്‍ ടൗണില്‍ എത്തി. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ചന്ദ്രനും ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ ആക്രമിച്ചു.
പാലത്തില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ കഴിയാതെ കുരുക്കില്‍ അകപ്പെട്ടതോടെ ചങ്ങരംകുളം എസ്‌ഐ ഒ. പി. വിജയകുമാര്‍ സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞുവിട്ടു.
'സ്വത്തിന്റെ പേരിലെ തർക്കം', മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴിയിങ്ങനെ
സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്.
തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. എന്നാൽ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയ മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു. എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു.
ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായത്. ചീനിക്കുഴിയിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസൽ. മൂത്ത മകൾ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും ഇളയമകൾ അസ്ന കൊടുവേലി സാൻജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
