കല്‍പ്പറ്റ: ദുരിതാശ്വാസ നിധിയിലേക്കായി പിരിച്ച പണം സംസ്ഥാന കമ്മിറ്റി വഴി സര്‍ക്കാരിന് നല്‍കാനുള്ള സ്വകാര്യ ബസ് ഉടമകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലെ ബസ് തൊഴിലാളികള്‍ നടത്തി വന്ന സമരം തീർന്നു. തൊഴിലാളികളുടെ വിഹിതം ചെക്കായി ജില്ലാ കലക്ടറെ ഏൽപ്പിക്കാമെന്ന് ബസുടമകൾ അറിയിച്ചതിനെ തുടർന്നാണ് രാവിലെ ഒമ്പതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. 

അതേ സമയം 80000 രൂപയായിരുന്നു ആദ്യം തൊഴിലാളിവിഹിതമായി നൽകാമെന്ന് ഉടമകൾ അറിയിച്ചിരുന്നതെങ്കിലും 70000 രൂപയാണ് നൽകുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വിഹിതം ഒന്നേകാൽ ലക്ഷമായിരുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി പത്തിന് മാനന്തവാടി സി.ഐയുടെ നേത്യത്വത്തിൽ തൊഴിലാളികളും ബസ് ഉടമകളും ഒരു മണിക്കൂർ ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയിരുന്നില്ല. 

ദുരിതാശ്വാസ ഫണ്ടായി മാനന്തവാടി താലൂക്കിൽ മാത്രം 5,85095 രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ രണ്ടര ലക്ഷത്തോളം രൂപയെന്നാണ് ബസുടമകൾ ചർച്ചയിൽ പറഞ്ഞതെത്രേ. കഴിഞ്ഞ ദിവസമാണ് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാനായി  ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയത്. 

ജില്ലയിലാകെ വന്‍തുക സമാഹരിച്ചിട്ടു മാനന്തവാടി താലൂക്കില്‍ മാത്രം 5,85,000 രൂപ ഇത്തരത്തില്‍ പിരിച്ചെടുത്തതായി തൊഴിലാളികള്‍ പറഞ്ഞു. പണം സ്വരൂപിച്ച ദിവസം തൊഴിലാളികള്‍ ആരും കൂലി വാങ്ങിയിരുന്നില്ല. ഈ തുക തൊഴിലാളി വിഹിതമായി കാണിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നായിരുന്നു സംയുക്തതൊഴിലാളി യൂണിയന്റെ ആവശ്യം. എന്നാല്‍ ഈ തുകയും ബസ് മുതലാളിമാരുടേത് ആക്കി കാണിച്ചതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.