Asianet News MalayalamAsianet News Malayalam

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താമരശേരി ചുരത്തില്‍ കേബിള്‍ കാര്‍ പദ്ധതി

  • താമരശ്ശേരി ചുരത്തിന് സമാന്തരമായി റോപ് വേയിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു.
  • കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍  ഉപയോഗപ്പെടുത്തുന്നതിനാണിത്.
cable car project in Thamarassery Churam
Author
Kozhikode, First Published Nov 22, 2019, 9:25 PM IST

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍  ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേയിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമാണ് കേബിള്‍ കാര്‍. അടിവാരത്തിനും  ലക്കിടിക്കും ഇടയില്‍ നാല്‍പതോളം  ടവറുകള്‍ സ്ഥാപിച്ചാണ് റോപ്വേ  തയ്യാറാക്കുന്നത്. 

15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിള്‍ കാര്‍  യാത്രകള്‍ക്ക് കൂടി പ്രയോജനപ്പെടുത്താം. അതുവഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പദ്ധതിയാവും ചുരം റോപ്വേ. ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനലും അടിവാരത്ത്  ലോവര്‍ ടെര്‍മിനലും ഉണ്ടാവും. അടിവാരം ടെര്‍മിനലിനോട്  അനുബന്ധിച്ച്  പാര്‍ക്കിംഗ്, പാര്‍ക്ക്, മ്യൂസിയം  കഫറ്റീരിയ, ഹോട്ടല്‍ ആംഫി തിയേറ്റര്‍,  ഓഡിറ്റോറിയം  തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. കോഴിക്കോട് വയനാട് ഡിടിപിസി,  വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്,  മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍  ലക്ഷ്യമിടുന്നത്. ഇതിനായി 'സിയാല്‍' മാതൃകയില്‍ കമ്പനി രൂപീകരിക്കും.

പദ്ധതി സംബന്ധിച്ച് കോഴിക്കോട് കലക്ടര്‍ സാംബശിവറാവുവിന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജോര്‍ജ് എം തോമസ് എംഎല്‍എ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വനം, റവന്യൂ,  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ വിശദ പദ്ധതി അവതരിപ്പിക്കാനും അടുത്ത ആഴ്ച മുതല്‍ മുതല്‍ സര്‍വേയും ഡിപി ആറും തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
 


 

Follow Us:
Download App:
  • android
  • ios