അറക്കിലാട് ഭാഗത്ത് ടെലിഫോണും ഇന്റര്‍നെറ്റും കിട്ടുന്നില്ലെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്.

കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകളും എന്‍ക്ലോസറുകളും സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

അറക്കിലാട് ഭാഗത്ത് ടെലിഫോണും ഇന്റര്‍നെറ്റും കിട്ടുന്നില്ലെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് ഈ അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. അറക്കിലാട് സരസ്വതി വിലാസം സ്‌കൂളിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ ഉയരത്തില്‍ കെട്ടിയ ഫൈബര്‍ കേബിളും എന്‍ക്ലോസറും പോലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍, സെക്ഷന്‍ ഓഫീസ്, ഇഗ്നോ റീജ്യണല്‍ സെന്റര്‍, പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വിതരണത്തിലുള്ള കേബിളുകളാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം 65,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു. 

ആരാണ് ചെയ്തതെന്നോ എന്തിനാണെന്നോ ഉള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

'ആ വീഡിയോ വൈറൽ, യുവാവിന് ഗംഭീര പണി, അന്വേഷിച്ചെത്തിയത് ഉദ്യോഗസ്ഥർ'; പിടികൂടിയത് പുകയില ഉൽപ്പന്നങ്ങളുമായി

YouTube video player