തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യത്തെ തുടർന്ന് നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രിയായതോടെയാണ് ജനപ്രതിനിധികൾ യോഗം വിളിച്ചത്.
പാലക്കാട്: പതിവായി പുലി സാന്നിധ്യം സ്ഥിരീകരിച്ച മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ തീരുമാനം. എൻ ഷംസുദ്ദീൻ എം എൽ എയുടെ അധ്യക്ഷതയിൽ മണ്ണാർക്കാട് വനം ഡിവിഷൻ ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇവിടെ പതിവായി പുലിയുടെ സാന്നിധ്യമുണ്ട്. റോഡരികിൽ പുലിയെ കണ്ടിരുന്നു. നായ്ക്കളയാണ് പുലി ഇരയാക്കുന്നത്. കൂടാതെ സമീപത്തെ കോഴിക്കൂട്ടിലും പുലി കയറി. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യത്തെ തുടർന്ന് നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രിയായതോടെയാണ് ജനപ്രതിനിധികൾ യോഗം വിളിച്ചത്.
തത്തേങ്ങലം, കണ്ടമംഗലം മേഖലകളിൽ ഇറങ്ങുന്ന പുലിയെ പിടിക്കുക ആണ് ലക്ഷ്യം. വന്യമൃഗശല്യം രൂക്ഷമായ കോട്ടോപ്പാടം, തെങ്കര പഞ്ചായത്തുകളിൽ വനത്തോടു ചേർന്ന വാർഡുകളിൽ അടിക്കാട് വെട്ടും. തൊഴിലുറപ്പ് പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തും. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. തെരുവ് നായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിനു വന്ധ്യംകരണം നടപ്പാക്കാനും തീരുമാനമായി. നായ്ക്കളുടെ സാന്നിധ്യം കുറഞ്ഞാൽ തീറ്റതേടി പുലികൾ എത്തുന്നത് നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ.
