തൃശ്ശൂര്‍: പ്രീഡിഗ്രി തത്തുല്യ പരീക്ഷ പാസായാൽ പോരെന്ന കാരണം പറഞ്ഞ് അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ടയാളുടെ എൽഎല്‍ബി പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല റദ്ദാക്കുന്നു. തൃശൂർ സ്വദേശി ബിജുവിന്‍റെ പ്രവേശനമാണ് റദ്ദാക്കുന്നത്. ബാര്‍ കൗണ്‍സിൽ ചട്ടപ്രകാരം രണ്ട് വര്‍ഷത്തെ പ്രീഡിഗ്രി പഠനം നിര്‍ബന്ധമാണെന്നാണ് സര്‍വ്വകലാശാല വിശദീകരണം.

അപകടത്തിൽ പെട്ടതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെടുമ്പോൾ പത്താം ക്ലാസ് മാത്രമായിരുന്നു ബിജുവിന്‍റെ വിദ്യാഭ്യാസം. പക്ഷെ ബിജു തോറ്റു കൊടുത്തില്ല. 16 വര്‍ഷം തളർന്നു കിടന്ന ശരീരവുമായി വീൽ ചെയറിൽ കലാലയത്തിന്‍റെ പടികൾ കയറിയിറങ്ങിയ ബിജു കാലിക്കറ്റ് സർവകലാശാല പ്രീഡിഗ്രി ഇല്ലാത്തവർക്ക് ഡിഗ്രിക്ക് ചേരാൻ നടത്തുന്ന തത്തുല്യ പ്രവേശന പരീക്ഷ 39 ാം വയസിലാണ് പാസ്സാവുന്നത്. 

ബി എ മലയാളം 70 ശതമാനം മാർക്കോടെയും പിന്നീട് കേരളവർമ്മ കോളേജിൽ നിന്ന് എം എ യും പാസ്സായി. അഭിഭാഷകൻ ആകാനുള്ള മോഹം സാക്ഷാത്കരിക്കാൻ തൃശൂർ ലോ കോളേജിൽ അഡ്മിഷൻ നേടി ഒരു മാസം പിന്നിടുമ്പോഴാണ്‌ പ്രീ ഡിഗ്രി സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കിയില്ലെങ്കില്‍ പ്രവേശനം അസാധുവാകുമെന്ന അറിയിപ്പ് ലഭിക്കുന്നത്.

തത്തുല്യ പ്രവേശന പരീക്ഷ സർട്ടിഫിക്കറ്റ് പ്രീഡിഗ്രിക്ക് തുല്യമാക്കില്ലെന്നും 2 വർഷത്തെ പ്രീഡിഗ്രി പഠനം നിര്‍ബന്ധമാണെന്നും ബാർ കൗൺസിൽ ചട്ടങ്ങളിൽ പറയുന്നുണ്ടെന്നുമാണ് അധികൃതര്‍ ഇതിന് നല്‍കുന്ന വിശദീകരണം. ബിരുദ ബിരുദാനന്തര പഠനത്തിന് തത്തുല്യ പരീക്ഷ യോഗ്യത മതി എന്നിരിക്കെ എല്‍എല്‍ബി പ്രവേശനം റദ്ദ് ആകുന്നതു നീതി നിഷേധമാണെന്ന് ബിജു പറയുന്നു. 

സർവകലാശാല റജിസ്ട്രാറിനെ പ്രവേശനം റദ്ദാക്കരുതെന്ന ആവശ്യമായി കണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് ബിജു പറയുന്നു. ചാൻസലർ ആയ ഗവർണ്ണർ ഇടപെടണമെന്നും പഠനം തുടരാൻ അനുവദിക്കണമെന്നുമാണ് ഈ യുവാവിന്‍റെ ആവശ്യം.