തൃശൂർ - കുതിരാന്‍ പാതയില്‍ സിനിമ സ്റ്റൈലിലായിരുന്നു സ്വർണ മോഷണം. സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്.

തൃശൂർ: തൃശൂർ കുതിരാനിലെ സ്വർണ കൊള്ളയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തൃശൂർ ദേശീയപാതയിൽ പട്ടാപകൽ രണ്ടു കോടിയുടെ സ്വർണമാണ് കവർന്നത്. മൂന്നു കാറുകളിൽ വന്ന കവർച്ച സംഘം സ്വർണം തട്ടുന്നതിൻ്റെ ലൈവ് ദൃശ്യമാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. സ്വകാര്യ ബസിൻ്റെ ക്യാമറയിലാണ് കവർച്ച ദൃശ്യങ്ങൾ പതിഞ്ഞത്. സ്വർണ വ്യാപാരിയുടെ കാറിനെ തടഞ്ഞത് മൂന്നു കാറുകളിൽ എത്തിയവർ വ്യാപാരിയേയും സുഹൃത്തിനേയും മറ്റു രണ്ടു കാറുകളിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വ്യാപാരിയുടെ കാർ കവർച്ച സംഘം തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. കവർച്ചക്കാരെ തിരിച്ചറിയാൻ തെളിവായി നിർണായക ദൃശ്യങ്ങൾ. പത്തംഗ കവർച്ച സംഘത്തെ പൊലീസ് തിരയുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. 

തൃശൂർ - കുതിരാന്‍ പാതയില്‍ സിനിമ സ്റ്റൈലിലായിരുന്നു സ്വർണ മോഷണം. സ്വർണ വ്യാപാരിയുടെ കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി രണ്ടരക്കോടിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവർച്ചക്ക് പിന്നിൽ. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. 

രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍ കുതിരാന്‍ പാതയില്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുൺ സണ്ണിയുടെ കാറിനെ പിന്തുടര്‍ന്നു. അരുണിന്‍റെ കാറിന് മുന്നിൽ ഒരു ഇന്നോവ കാർ വട്ടം നിർത്തി. രണ്ടാമത്തെ ഇന്നോവ മറ്റൊരു വശത്തിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. മൂന്നാമത്തെ വാഹനം കാറിന്‍റെ പിന്നിലും നിർത്തി. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങിയവര്‍ അരുൺ സണ്ണിയുടെ കാറിലേക്ക് ഇരച്ചു കയറി. അരുണിനെയും റോജിയേയും കത്തിയും ചുറ്റികയും കാട്ടി ഭീഷണിപ്പെടുത്തി മറ്റു വാഹനങ്ങളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി. വാഹനങ്ങള്‍ ഹൈവേ വിട്ട് മറ്റു വഴികളിലേക്ക് കയറുന്നതിനിടെ ഇരുവരെയും മര്‍ദ്ദിച്ച് സ്വര്‍ണം എവിടെയെന്ന് ചോദിച്ചറിയുകയും ചെയ്തു. 

സ്വര്‍ണം കിട്ടിയതിന് പിന്നാലെ റോജിയെ പുത്തൂരിലിറക്കി. അരുണിനെ പാലിയേക്കര ടോളിന് സമീപത്തും ഇറക്കിവിട്ടു. അരുണ്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെ പ്രത്യേക അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചവരായിരുന്നു. ആലപ്പുഴ സ്ലാങ്ങിലാണ് സംസാരിച്ചതെന്ന് അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്.