Asianet News MalayalamAsianet News Malayalam

1 ലക്ഷം രൂപയിലേക്ക് 1 രൂപ, മോദി ചിത്രം നീക്കാനാവശ്യപ്പെട്ട ഹര്‍ജിക്കാരനെ പിന്തുണച്ച് ക്യാംപയിന്‍

നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളത് എന്ന് പരാമർശിച്ച  ബഹുമാനപ്പെട്ട കോടതി അറിയണം നൂറുകോടി ജനതയിൽ ഒരു ലക്ഷംപേർക്ക് എങ്കിലും ഇതിൽ പ്രശ്നമുണ്ടെന്നും അത് വ്യക്തമാകാന്‍ ഒരു രൂപ വീതം സമാന നിലപാടുള്ളവര്‍ നല്‍കണമെന്നാണ് ക്യാംപയിന്‍ ആവശ്യപ്പെടുന്നത്.

Campaign in support of man who got fined from high court for demanding removal of PM Modi image from vaccine certificate
Author
Kochi, First Published Dec 22, 2021, 10:39 AM IST

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ (Vaccine Certificate) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ (Kerala Highcourt) സമീപിച്ച് നടപടി നേരിട്ടയാള്‍ക്ക് പിഴയടക്കാനുള്ള സഹായത്തിനായി സമൂഹമാധ്യമങ്ങളില്‍ ക്യാംപയിന്‍. ആറാഴ്ചയ്ക്കകം പിഴത്തുകയായ ഒരുലക്ഷം രൂപ ഹര്‍ജിക്കാരന്‍ കേരള ലീ​ഗൽ സർവ്വീസ് സൊസൈറ്റിയിൽ അടയ്ക്കണമെന്നാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളത് എന്ന് പരാമർശിച്ച  ബഹുമാനപ്പെട്ട കോടതി അറിയണം നൂറുകോടി ജനതയിൽ ഒരു ലക്ഷംപേർക്ക് എങ്കിലും ഇതിൽ പ്രശ്നമുണ്ടെന്നും അത് വ്യക്തമാകാന്‍ ഒരു രൂപ വീതം സമാന നിലപാടുള്ളവര്‍ നല്‍കണമെന്നാണ് ക്യാംപയിന്‍ ആവശ്യപ്പെടുന്നത്.

കേരളത്തിലെ പുരോഗമനവാദികളായ ജനത്തിന് ഈ ഉത്തരവാദിത്തമുണ്ടെന്നും ക്യാംപയിന്‍ വിശദമാക്കുന്നു. ഫാസിസം എങ്ങനെയാണ് എല്ലാ തലങ്ങളിലും അധികാരത്തിന്റെ വേരുകൾ അദൃശ്യമായി ആഴ്ത്തുന്നത് എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന മുന്നറിയിപ്പും നല്‍കിയാണ് ക്യാംപയിന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒരുരൂപ വീതം ഒരുലക്ഷം വോട്ടുകളായി രേഖപ്പെടുത്തണമെന്നാണ് ക്യാംപയിന്‍ സംഘാടകര്‍ വാദിക്കുന്നത്. 

രൂക്ഷമായ വിമര്‍ശനത്തോടെയാണ് കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലിന്‍റെ ഹര്‍ജിയില്‍ കോടതി ഉത്തരവ് എത്തിയത്. യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കില്‍ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൌരന്മാര്‍ക്കുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിശദമാക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും ശക്തമായാണ് കോടതി മറുപടി നല്‍കിയത്.

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയിലെ ജനാധിപത്യം ലോകമെങ്ങും പ്രശംസിക്കപ്പെടുന്നതാണ്. ജനങ്ങളുടെ തീരുമാനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്നും കോടതി വിശദമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അദ്ദേഹത്തെ മാറ്റാം. പക്ഷേ ഒരിക്കല്‍ ആ സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും പ്രധാനമന്ത്രി രാജ്യത്തിന്‍റെ അഭിമാനമാണെന്നും കോടതി ഹര്‍ജിക്കാരനോട് വ്യക്തമാക്കിയിരുന്നു. തീർത്തും ബാലിശമായ ഹര്‍ജിയാണ്. പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൌലികവകാശ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്. 

Follow Us:
Download App:
  • android
  • ios