Asianet News MalayalamAsianet News Malayalam

അര്‍ബുദത്തോട് പൊരുതി പരീക്ഷയെഴുതി, പ്രാര്‍ത്ഥനകള്‍ വിഫലമായി; ഗൗതം മരണത്തിന് കീഴടങ്ങി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ദിവസവും 100 കിലോമീറ്ററിലധികം യാത്ര ചെയ്ത് പരീക്ഷയെഴുതിയ ഗൗതമിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

cancer fighter boy goutham passed away
Author
Haripad, First Published May 28, 2019, 9:48 PM IST

ഹരിപ്പാട്: അര്‍ബുദത്തോട് പൊരുതി പരീക്ഷ എഴുതി ഏവരുടെയും ശ്രദ്ധനേടിയ ഗൗതം യാത്രയായി. ആശുപത്രി കിടക്കയിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതിയാണ് ഗൗതം വാര്‍ത്തകളിലിടം നേടിയത്. ഗൗതമിന് വേണ്ടി എവരും പ്രാര്‍ത്ഥനയുമായി നിറഞ്ഞെങ്കിലും തിങ്കളാഴ്ച രാവിലെ 9.30ന് ഗൗതം മരണത്തിന് കീഴടങ്ങി.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ദിവസവും 100 കിലോമീറ്ററിലധികം യാത്ര ചെയ്ത് പരീക്ഷയെഴുതിയ ഗൗതമിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ 3 പരീക്ഷകളില്‍ എപ്ലസ്, ഒന്നിന് എ ഗ്രേഡ്, രണ്ടെണ്ണത്തിന് ബി പ്ലസ്, ഒന്നിന് ബിയുമായിരുന്നു. ആര്‍ സി സിയില്‍ കീമോതെറാപ്പി കഴിഞ്ഞിറങ്ങിയപ്പോഴാണ് പത്താം ക്ലാസ് പരീക്ഷാഫലം ഗൗതം അറിഞ്ഞത്. മൂന്ന് പരീക്ഷകള്‍ എഴുതാത്തതിനാല്‍ സാങ്കേതികമായി ഗൗതം തോറ്റു. പക്ഷേ സേ പരീക്ഷയെഴുതിയിരുന്നു. സേ പരീക്ഷാ ഫലം കാത്തു നില്‍ക്കാതെയാണ് ഗൗതം യാത്രയായത്. 

പരീക്ഷാ ഹാളിന് മുന്നില്‍ ഛര്‍ദ്ദിച്ച് അവശനായെങ്കിലും തോറ്റു പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം റീബില്‍ഡ് കേരളയുടെ അവലോകന യോഗത്തിന് ഹരിപ്പാട്ടെത്തിയ ജില്ലാ കലക്ടര്‍ സുഹാസ് ഗൗതമിന്റെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. പള്ളിപ്പാട് രാമങ്കേരിയില്‍ അജയകുമാറിന്റെയും ആലപ്പുഴ ജില്ലാ കോടതി അഭിഭാഷക ജിഷയുടേയും രണ്ടാമത്തെ മകനാണ് ഗൗതം. ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പഠിച്ചിരുന്നത്.

ഒന്‍പതാം ക്ലാസിലെ അവസാന നാളുകളിലാണ് രോഗം തിരിച്ചറിയുന്നത്. അന്നു മുതല്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. പത്താം ക്ലാസില്‍ കഷ്ടിച്ച് ഒരു മാസം മാത്രമാണ് ക്ലാസിലിരുന്നത്. മാസങ്ങളോളം ആര്‍ സി സിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ എട്ട് പ്രാവശ്യം കീമോതെറാപ്പിക്കും 10 തവണ റേഡിയേഷനും കൊച്ചു ഗൗതം വിധേയനായിരുന്നു. 

Follow Us:
Download App:
  • android
  • ios