Asianet News MalayalamAsianet News Malayalam

കുന്ദമംഗലത്ത് വർക് ഷോപ്പിന് തീപിടിച്ച് 11 ആഡംബര കാറുകൾ കത്തി നശിച്ചു

ആഢംബര കാറുകൾ അറ്റകുറ്റപണി നടത്തുന്ന ഷോപ്പിലെ 13 കാറുകളിൽ പതിനൊന്നും കത്തി നശിച്ചു. ഏകദേശം നാല് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

car catches fire in kozhikode
Author
Kozhikode, First Published May 17, 2020, 1:41 AM IST

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് വർക് ഷോപ്പിന് തീപിടിച്ച് പതിനൊന്ന് ആഡംബരകാറുകൾ കത്തി നശിച്ചു. രാവിലെയാണ് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന വർക് ഷോപ്പിൽ തീപിടിച്ചത്. അപകടകാരണം കണ്ടെത്താനായിട്ടില്ല. കുന്ദമംഗലം മുറിയനാലിൽ ജോഫിയുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ രാവിലെ ആറുമണിയോടെയാണ് തീ പടർന്ന് പിടിച്ചത്. 

ആഢംബര കാറുകൾ അറ്റകുറ്റപണി നടത്തുന്ന ഷോപ്പിലെ 13 കാറുകളിൽ പതിനൊന്നും കത്തി നശിച്ചു. കത്തിയതെല്ലാം ബെൻസ് കാറുകളാണ്. സമീപവാസികളാണ് വർക് ഷോപ്പിനുള്ളിൽ പുക ഉയരുന്ന കാര്യം കടയുടമയെ അറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയെങ്കിലും ജോഫിക്ക് രണ്ട് കാറുകൾ മാത്രമാണ് സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞത്.

ഏകദേശം നാല് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെളളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, മുക്കം, നരിക്കുനി എന്നിവടങ്ങളിൽനിന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസിന്‍റേയും കെഎസ്ഇബിയുടേയും വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios