കോവളം ഭാഗത്തുനിന്നും വേഗതയിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളാർ ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു. അപകടത്തിൽ യുവതി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്കേറ്റു. കോവളം കെ.എസ് റോഡ് സ്വദേശികളായ രാഹുൽ (29), അനിൽ (28), റീന (24) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
കോവളം ഭാഗത്തുനിന്നും വേഗതയിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു. ഈ സമയം മറുവശത്തെ റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റും കോവളം പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
സംഭവ സമയം വെള്ളാർ വാർഡിലെ ഉപ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യും മേയർ ആര്യ രാജേന്ദ്രനും അപകട സ്ഥലത്ത് എത്തിയിരുന്നു. ജംഗ്ഷനിൽ രാത്രി കാലങ്ങളിൽ വെളിച്ചമില്ലാത്തതാണ് അപകടം സൃഷ്ടിക്കുന്നതെന്ന നാട്ടുകാരുടെ പരാതിയിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഇരുവരും നാട്ടുകാർക്ക് ഉറപ്പ് നൽകി.
Read More : മൂന്നും എട്ടും വയസുള്ള മക്കളെ സ്കൂളിലാക്കി, പ്രണയ ദിനത്തിൽ അമ്മ കാമുകനൊപ്പം ഒളിച്ചോടി, അറസ്റ്റിൽ
