തിരുവനന്തപുരത്ത് വഞ്ചിയൂരിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് സ്വദേശി ശ്യാംകുമാർ ആണ് പിടിയിലായത്, ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: വഞ്ചിയൂരിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്, സ്കൂട്ടറിൽ വരികയായിരുന്ന അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ വഞ്ചിയൂർ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് വലിയവിള ഇലിപ്പോട് സ്വദേശി തകരപ്പറമ്പ് കുട്ടൻ എന്നറിയപ്പെടുന്ന ശ്യാംകുമാർ (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം.
കൈതമുക്ക് - പുന്നപുരം റോഡിൽ നിന്നും ശ്രീകണ്ഡേശ്വരം ഭാഗത്തേക്ക് പോകുന്ന ഇടറോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ കാർ പാർക്ക് ചെയ്തിരുന്നു. ഇതുവഴി സ്കൂട്ടറിൽ വന്ന സമീപവാസിയായ പിതാവും മകനും കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്. ഇതിലുള്ള വൈരാഗ്യം മൂലം ഇയാളും സുഹൃത്തും ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തി ക്രൂരമായി കൈയേറ്റം ചെയ്യുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പിതാവും മകനും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വഞ്ചിയൂർ സ്റ്റേഷനിലെ റൗഡി ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് പിടിയിലായ ശ്യാംകുമാർ. ഇയാൾക്കെതിരെ വഞ്ചിയൂർ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം ആക്രമണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ശ്യാംകുമാറിനെ സഹായിച്ച മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി.
