കാറിലിടിച്ച ശേഷം പൊലീസ് വാഹനം നിർത്താതെ പോകുകയായിരുന്നു. എഎസ്ഐയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.

മലപ്പുറം: മലപ്പുറം മങ്കടയിൽ മദ്യപിച്ച് വാഹന ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐക്കെതിരെ കേസ്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പോലീസ് വാഹനം അപകടമുണ്ടാക്കിയത്. മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു.

നിർത്താതെ പോയ പോലീസ് ജീപ്പ് തടഞ്ഞ നാട്ടുകാർ കണ്ടത് ബോധമില്ലാതെ വണ്ടിയോടിച്ച പോലീസുകാരനെ. മലപ്പുറം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനാണ് വണ്ടി ഓടിച്ചത്. വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് മങ്കടയിൽ നിന്ന് പോലീസ് എത്തി ഗോപി മോഹനെ അറസ്റ്റ് ചെയ്തു. 

കാറിൽ ഉണ്ടായിരുന്ന യുവാവിൻ്റെ പരാതിയിൽ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയത്തിനും ഗോപി മോഹനെതിരെ കേസ് എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിട്ടും ഇതുവരെ വകുപ്പ്തല നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്