തൃശ്ശൂർ: സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വാതിലുകളും ജനലുകളും സ്ഥാപിച്ച പിടിഎക്കെതിരെ കേസ്. തൃശ്ശൂർ മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കെതിരെയാണ് ഹൈക്കോടതിയിൽ കേസ് നടക്കുന്നത്. കഴിഞ്ഞ വേനലവധിക്കാലത്തു നടത്തിയ നിർമാണ പ്രവർത്തനത്തെ ചൊല്ലിയാണ് പരാതി.

സ്കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സെന്റ് തോമസ് ഫെറോന പള്ളിയും സെന്റ് ഫ്രാൻസിസ് റീഡിങ് അസോസിയേഷനും തമ്മിലുള്ള കേസ് 24 വർഷത്തിലേറെയായി സുപ്രീം കോടതിയിലാണ്. 2014 ൽ സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ക്ലാസിൽ പാമ്പ് ശല്യവും നായ ശല്യവുമെല്ലാം രൂക്ഷമായതോടെ കുട്ടികളുടെ സുരക്ഷയെക്കരുതി ജനലുകളും വാതിലുകളും പിടിഎ നന്നാക്കി. 

പഴക്കംചെന്ന മേൽക്കൂരയ്ക്ക് താഴെ സീലിംഗ് വച്ചു. ഇതിനെതിരെയാണ് റീഡിങ് അസോസിയേഷൻ കേസ് നൽകിയത്. പിടിഎയുടെ നടപടി കോടതിയലക്ഷ്യമാണെന്നാണ് റീഡിംഗ് അസോസിയേഷന്റെ നിലപാട്. സ്കൂളിന്റെ ഓഫീസ് മുറിയിൽ ചോർച്ചയാണ്. സ്റ്റേജിലെ ഇരുമ്പ് ഷീറ്റുകൾ പറന്നുപോയി. അപകടാവസ്ഥയിലായ ഒരു കെട്ടിടം ഒഴിച്ചിട്ടിരിക്കുകയാണ്. ഇതെല്ലാം നന്നാക്കാൻ പിടിഎ തയ്യാറാണ്.