കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ വിവാഹച്ചടങ്ങും മരണാനന്തര ചടങ്ങും നടത്തിയവര്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു ഇരുചടങ്ങുകളുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തലപ്പുഴ പൊലീസിന്റെ നടപടി. വിവാഹത്തില്‍ പങ്കെടുത്തവരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്.  

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നാനൂറോളം ആളുകളുടെ പേരിലും മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത നൂറ്റിയമ്പതോളം ആളുകളുടെ പേരിലുമാണ് കേസ്. ഓരോരുത്തര്‍ക്കും സംഭവത്തിലുള്ള പങ്കിനെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു. അതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുമ്പോഴും മുഖാവരണം ശരിയായ വിധം ധരിക്കാത്തവര്‍ക്കെതിരെ ജില്ലയിലുടനീളം നടപടി ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു. 

മാസ്‌ക് ഉണ്ടെങ്കിലും അത് താടിയില്‍ തൂക്കിയിട്ട് കറങ്ങുന്നവരെ പൊലീസ് പിടികൂടും. ചിലര്‍ മാസ്‌ക് പോക്കറ്റില്‍ സൂക്ഷിച്ച് പൊലീസ് ഉണ്ടെങ്കില്‍ മാത്രം ധരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ മെയ് മാസത്തിലാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ നിര്‍ദ്ദേശം വന്ന് രണ്ട് മാസം പിന്നിട്ടിട്ടും സമ്പര്‍ക്ക രോഗികള്‍ കൂടിയിട്ടും മാസ്‌കിന്റെ പ്രാധാന്യം മനസിലാകാതെയാണ് പലരും പെരുമാറുന്നത്.

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇടപഴകിയതിന് ജില്ലയില്‍ ഇതുവരെ 3042 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മെയ് മാസം മാസ്‌ക് ധരിക്കാത്ത 518 പേര്‍ക്കെതിരെയും ജൂണില്‍ 1448 പേര്‍ക്കെതിരെയും കേസെടുത്തു. അതേ സമയം നിലവാരമില്ലാത്ത മാസ്‌കുകളും വ്യാപകമായി വിപണിയിലെത്തുന്നതായി ആരോപണമുണ്ട്.