പണം കിട്ടാത്ത കാര്യം ചൂണ്ടിക്കാട്ടിയ കര്‍ഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയതില്‍ പരൂര്‍ കോള്‍പടവ് കമ്മിറ്റി പ്രതിഷേധിച്ചു.

തൃശൂര്‍: സപ്ലൈകോ നെല്ല് സംഭരിച്ച് മൂന്നുമാസം ആയിട്ടും പണം നല്‍കാത്തതിനെതിരേ കൃഷി വകുപ്പ് മന്ത്രിയേയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവ കര്‍ഷകനെതിരെ വടക്കേകാട് പൊലീസ് കേസെടുത്തു. പനന്തറ പെരുവഴിപ്പുറത്ത് ശ്രീരാഗ് (30) നെതിരേയാണ് കേസെടുത്തത്. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സപ്ലൈക്കോ നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും പണം നല്‍കാത്തതിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് പരാതിക്ക് കാരണമായത്.

സി.പി.ഐ ലോക്കല്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പണം കിട്ടാത്ത കാര്യം ചൂണ്ടിക്കാട്ടിയ കര്‍ഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയതില്‍ പരൂര്‍ കോള്‍പടവ് കമ്മിറ്റി പ്രതിഷേധിച്ചു. രണ്ടുവര്‍ഷം മുന്‍പ് കൃഷിവകുപ്പ് മന്ത്രി നടത്തിയ ഒരു പ്രഖ്യാപനത്തിന്റെ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. കമന്റില്‍ മന്ത്രിയെയോ ജനപ്രതിനിധികളെയോ പരാമര്‍ശിച്ചിട്ടില്ല.

സംഭരിച്ച നെല്ലിനു സമയത്ത് പണം നല്‍കാത്തത് ചോദിച്ചതാണ് കുറ്റമായതെന്നും ഈ കര്‍ഷകനു മാത്രം ആറുലക്ഷം കിട്ടാനുണ്ടെന്നും പറയുന്നു. പരാതി കൊടുക്കുന്നതിനു പകരം കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ ഇടപെടുകയായിരുന്നു മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും പടവ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.